ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം:തെളിച്ചം റിപ്പോര്‍ട്ട്‌ 26ന്‌ (ഇന്ന്)

തിരൂരങ്ങാടി : സമസ്‌ത വൈസ്‌ പ്രസിഡണ്ടും മംഗലാപുരം ഖാദിയുമായിരുന്ന ഖാദി ചെമ്പരിക്ക സി.എം അബ്‌ദുല്ല മുസ്‌ലിയാരുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള തെളിച്ചം മാസികയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ജനുവരി 26 ന്‌ പുറത്തിറങ്ങും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കേന്ദ്രങ്ങളിലാണ്‌ റിപ്പോര്‍ട്ട്‌ പ്രകാശിതമാവുക. 
കര്‍ണാടകയിലെ അന്‍പതോളം മഹല്ലുകളുടെ ഖാദിയും പ്രമുഖ പണ്ഡിതനുമായിരുന്ന ഖാദി സി.എം അബ്‌ദുല്ല മുസ്‌ലിയാര്‍ 2010 ജനുവരി 15 ന്‌ ചെമ്പരിക്ക കടപ്പുറത്ത്‌ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ചെമ്പരിക്ക ആക്‌ഷന്‍ കമ്മിറ്റിയും വിവിധ മത രാഷ്‌ട്രീയ സംഘടനകളും നിരന്തരമായി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന്‌ കേസ്‌ സി.ബി.ഐ അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലേക്കാണ്‌ സി.ബി.ഐ എത്തിച്ചേര്‍ന്നത്‌. എന്നാല്‍ ഖാദി കൊല്ലപ്പെട്ടതാണെന്ന വ്യക്തമാക്കുന്ന നിരവധി തെളിവുകളുമായാണ്‌ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസിക അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഖാദിയുടെ പിന്‍ഗാമിയും 200 ഓളം മഹല്ലുകളുടെ ഖാസിയുമായ ഉസ്‌താദ്‌ ത്വാഖാ അഹ്‌മദ്‌ മൗലവിയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട ഭീഷണികളെക്കുറിച്ചും തെളിച്ചം ഉള്‍പെടുത്തിയിട്ടുണ്ട്‌.