"ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്" കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്..; SKSSF കേശപ്രദര്ശനവും പരീക്ഷണവും ഇന്ന് കോഴിക്കോട്ട്

പ്രദര്‍ശനം രാവിലെ 9 മുതല്‍ വൈകുന്നേരം 5വരെ ജൂബിലി ഹാളില്‍ 
നേതാക്കളുടെ പത്ര സമ്മേളനത്തിന്റെ ചാനല്‍ ദൃശ്യം. വിശദമായ ചാനല്‍ വാര്‍ത്തക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രദര്‍ശനവും പരീക്ഷണവും നടത്തുമെന്ന് സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന്  രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടത്തുന്നത്. 
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ രണ്ടാം ഘട്ടമായാണ് പ്രദര്‍ശനം നടത്തുന്നത്.
മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവചകന്‍േറതാണെന്ന് തെളിയിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സാമ്പത്തിക ചൂഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനമടക്കമുള്ള പരിപാടികള്‍ നടത്തുന്നത്. മര്‍കസിന് ലഭിച്ച അതേ കേന്ദ്രത്തില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിന് ലഭിച്ച കേശവും രേഖകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇസ്‌ലാമിക രേഖകള്‍ പ്രകാരം പ്രവാചക കേശത്തിന് നിഴലുണ്ടാകില്ല. കേശം കത്തുകയോ, അതിനുമേല്‍ പ്രാണികള്‍ ഇരിക്കുകയോ ചെയ്യില്ല. എസ്.കെ.എസ്.എസ്.എഫിന്റെ പക്കലുള്ള കേശം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇത്തരം പരീക്ഷണത്തിന് വിധേയമാക്കുമെന്നും മര്‍ക്കസിലുള്ള കേശവും ഇതുപോലെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് വിഭാഗത്തിനും കേശം ലഭിച്ചതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ സമ്മതിച്ചതിനാല്‍ പരീക്ഷണത്തോടെ സത്യം വെളിപ്പെടുമെന്നും നദ്‌വി വ്യക്തമാക്കി.
കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ വരുമാനം അന്വേഷിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ചില സംസ്ഥാന മന്ത്രിമാര്‍ അട്ടിമറിച്ചെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.വൈ.എസ്. സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. വിവരത്തിന്റെ ആധികാരികത പരിശോധിക്കുകയാണ്. കാന്തപുരം നടത്തുന്ന കേരളയാത്രയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവരും പങ്കെടുത്തു