മതപഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തണം : സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

തേഞ്ഞിപ്പലം : ആധുനിക ലോകത്തിന്റെ പരിവര്‍ത്തനങ്ങള്‍ ഉള്‍കൊണ്ട്‌ മദ്‌റസാ പഠനരംഗത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും, കാലാനുസൃത മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച മാറ്റമെന്നത്‌ മാനുഷികമൂല്യങ്ങളെയും ധാര്‍മിക ലക്ഷ്യത്തെയും അവമതിച്ചുകൊണ്ടുള്ളതാവരുത്‌. നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി വിദ്യാഭ്യാസ മേഖലയെ വളച്ചുകെട്ടുന്നതുകൊണ്ടാണ്‌ ഈ രംഗത്ത്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. ധാര്‍മികത വളര്‍ത്തുന്നതില്‍ മദ്‌റസയും മതപഠനവും നിസ്‌തുലമായ ദൗത്യമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. അത്‌ നിലനിര്‍ത്തുന്നതിനും പോഷിപ്പിക്കുന്നതിനും കഴിവുറ്റ അധ്യാപകര്‍ അനിവാര്യമാണ്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസാ പഠന ശാക്തീകരണത്തിനായി തയ്യാറാക്കിയ `തദ്‌രീബ്‌ 2011'ന്റെ ഭാഗമായി സംഘടിപ്പിച്ച `റിസോഴ്‌സ്‌ പേഴ്‌സണ്‍ ട്രൈനിംഗ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എ.ടി.എം. കുട്ടി മൗലവി, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എസ്‌.വി.മുഹമ്മദലി, റഹീം ചുഴലി, അലി.കെ. വയനാട്‌, അബ്ദുസ്സലാം സല്‍മാനി, ടി.കെ. അബ്ദുല്ല മൗലവി, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.സി. അഹ്‌മദ്‌ കുട്ടി മൗലവി എന്നിവര്‍ സംസാരിച്ചു. എം.എ.ചേളാരി സ്വാഗതവും കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.