ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി: ഡോക്യുമെന്ററി ഫെസ്റ്റിന്‌ ഇന്ന്‌ തുടക്കം

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഡോക്യുമെന്ററി ഫെസ്റ്റ്‌ ഇന്ന്‌ തുടങ്ങും. ശോഭനമായ ഇസ്‌ലാമിക ചരിത്രത്തിന്റെയും മുസ്‌ലിം ലോകത്തിന്റെ വര്‍ത്തമാനത്തിന്റെയും നേര്‍ക്കാഴ്‌ചകള്‍ സാധ്യമാക്കുന്ന ഡോക്യുമെന്ററികളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. വര്‍ത്തമാന ഇസ്‌ലാമിനെ വസ്‌തുനിഷ്‌ടഠമായി വിലയിരുത്തുന്ന പ്രമുഖ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശപ്പിക്കുന്നുണ്ട്‌. ഫെസ്റ്റ്‌ ഇന്ന്‌ വൈകിട്ട്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. 

ബി.ബി.സി. നിര്‍മിച്ച ഇസ്‌ലാമിക്‌ ഹിസ്റ്ററി ഇന്‍ യൂറോപ്പ്‌, ചാനല്‍ ഫോറിന്റെ വെന്‍ ദി മൂര്‍സ്‌ റൂള്‍ഡ്‌ ഇന്‍ യൂറോപ്പ്‌, ലെജസി ഓഫ്‌ പ്രൊഫറ്റ്‌, നാഷണല്‍ ജ്യോഗ്രഫിക്‌ ചാനല്‍ നിര്‍മിച്ച ഇന്‍സൈഡ്‌ മക്ക, പാരഡൈസ്‌ ഫൗണ്ട്‌ എന്നിവക്കു പുറമെ പ്രമുഖ സംവിധായകന്‍ ഹാറൂന്‍ യഹ്‌യയുടെ മിറാക്കിള്‍സ്‌ ഓഫ്‌ ഖുര്‍ആനും മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്‌.

വിവിധ കാമ്പസുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 250- ലേറെ പേര്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ പ്രമുഖ ചലചിത്ര നിരൂപകരായ എം. നൗഷാദ്‌, അഷ്‌റഫ്‌ കടയ്‌ക്കല്‍ എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കും. ഫെസ്റ്റ്‌ നാളെ വൈകിട്ട്‌ എട്ടിന്‌ സമാപിക്കും.