മദ്‌റസകള്‍ക്ക് അഫിലിയേഷന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: സമസ്ത

കോഴിക്കോട്: മദ്‌റസകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ബോര്‍ഡിന് കീഴില്‍ അഫിലിയേഷന്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ചട്ടങ്ങള്‍ പാലിച്ചും സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ ആക്ട് അനുസരിച്ചുമാണ് രാജ്യത്തെ മദ്‌റസകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാറുകളുടെ ഏത് പരിശോധനകള്‍ക്കും വിധേയമാകും വിധം സുതാര്യവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിച്ചുവരുന്ന മദ്‌റസകള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കമായി വേണം ഇതിനെ കരുതാന്‍. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം രാജ്യസ്‌നേഹവും ധാര്‍മിക ബോധവും സൃഷ്ടിച്ച് ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്ന ദൗത്യമാണ് മദ്‌റസകള്‍ നിര്‍വ്വഹിക്കുന്നത്. അത്തരം മദ്‌റസകളുടെ പ്രവര്‍ത്തനം തടയിടാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
- Samasthalayam Chelari