മത വിജ്ഞാന സമ്പാദനം പാരത്രിക വിജയത്തിനുള്ള ഉത്തമ വഴി: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

പെരിന്തല്‍മണ്ണ: മത വിജ്ഞാന സമ്പാദനവും അധ്യാപനവും പാരത്രിക വിജയത്തിനുള്ള ഏറ്റവും ഉത്തമമായ വഴിയാണെന്നും ആ പാതയില്‍ പ്രവേശിക്കാനുള്ള സൗഭാഗ്യം ദൈവികമായ പ്രത്യേക അനുഗ്രഹമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ പഠനോല്‍ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക യുഗത്തില്‍ മത വിദ്യാര്‍ത്ഥികളുടേയും മതാദ്ധ്യാപകരുടേയും ഉത്തരവാദിത്വം വളരെ വലുതാണെന്നും തങ്ങളിലര്‍പ്പിതമായ മഹത്തായ ദൗത്യം യഥാവിധി നിര്‍വ്വഹിക്കാന്‍ എല്ലാ പണ്ഡിതന്‍മാരും പ്രബോധകരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ മാസ്റ്റര്‍ എം.എല്‍.എ, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എ ബാപ്പു ഹാജി, എ.ടി മുഹമ്മദലി ഹാജി, എം അബൂബക്കര്‍ ഹാജി സംസാരിച്ചു.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ നടന്ന പഠനോല്‍ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു
- JAMIA NOORIYA PATTIKKAD