
അനുസ്മരണം നടത്തുന്നതിന്റെ രേഖകള്‍
വിവിധ പ്രവാചകന്മാരുടെയും മറ്റും ചരിത്രം അനുസ്മരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
''പ്രവാചകരെ, ഇബ്രാഹിം നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ, മൂസാ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
''പ്രവാചകരെ ഇസ്മാഈല്‍ നബി (അ) യെ ഈ വേദഗ്രന്ഥത്തില്‍ താങ്കള്‍ അനുസ്മരിക്കുക.''
പ്രത്യേകദിവസങ്ങള്‍ അനുസ്മരിക്കുന്നതിന് പ്രമാണത്തിന്റെ പിന്‍ബലമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
''അല്ലാഹുവിന്റെ ചരിത്രപ്രധാനമായ ദിവസങ്ങള്‍ താങ്കള്‍ അവരെ ഓര്‍മിപ്പിക്കുക.'' (ഇബ്രാഹിം : 5)
അനുസ്മരണ പരിപാടികള്‍ കൊണ്ടെന്തു നേട്ടമെന്നാണു ചിലരുടെ സംശയം. ഖുര്‍ആന്‍ പരയുന്നു : ''പ്രവാചകരെ, ഈ പ്രവാചക ചരിത്രങ്ങള്‍ താങ്കളെ നാം കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ് ദൃഢീകരിക്കുന്നതിന് വേണ്ടിയാണ്.'' (ഹൂദ് : 120) ഇതര പ്രവാചകന്മാരുടെ ചരിത്രം അനുസ്മരിക്കുന്നത് നമ്മുടെ നബി തിരുമേനി (സ) ക്ക് മനോബലം നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നമ്മുടെ പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് നമുക്ക് ധൈര്യവും മനോദാര്‍ഢ്യവും നല്‍കുമെന്ന കാര്യം ഇതില്‍ നിന്നു വ്യക്തമാണ്.
ജന്മദിനത്തിനെന്ത് പ്രാധാന്യം?
ജനിച്ചദിവസത്തിനെന്ത് പ്രാധാന്യം? കര്മത്തിനല്ലേ മഹത്വം? പ്രവാചകരായ മുഹമ്മദ് നബി (സ) പോലും ജനിക്കുമ്പോള്‍ കേവലം 'ആമിന പെറ്റ മുഹമ്മദ് 'മാത്രം. നബിദിന വിമര്‍ശകരില്‍ ചിലരുടെ ശൈലിയാണിത്! യാറസുലല്ലാഹ് ഞങ്ങളോട് ക്ഷമിച്ചാലും.
മഹാന്മാരുടെ മഹത്വം അവര്‍ ജനിക്കുന്നതിന് മുമ്പ് തന്നെ പ്രകടമാകുന്നു. ജനിച്ച ദിവസവും കുട്ടിക്കാലത്തും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ മഹത്വത്തിന്റെ നിദര്‍ശനങ്ങള്‍ വ്യക്തമാകാറുണ്ട്. അനിഷേധ്യമായ ചരിത്രസംഭവങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. നബി തിരുമേനി (സ) ജനിക്കുന്നതിന് മുമ്പും ജന്മസമയത്തും കുട്ടിക്കാലത്തും നടന്ന അത്ഭുതസംഭവങ്ങളെല്ലാം ഉദാഹരണം മാത്രം.
മഹാന്മാരുടെ മഹത്വം അവര്‍ ജനിക്കുന്നതിന് മുമ്പ് തന്നെ പ്രകടമാകുന്നു. ജനിച്ച ദിവസവും കുട്ടിക്കാലത്തും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ മഹത്വത്തിന്റെ നിദര്‍ശനങ്ങള്‍ വ്യക്തമാകാറുണ്ട്. അനിഷേധ്യമായ ചരിത്രസംഭവങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. നബി തിരുമേനി (സ) ജനിക്കുന്നതിന് മുമ്പും ജന്മസമയത്തും കുട്ടിക്കാലത്തും നടന്ന അത്ഭുതസംഭവങ്ങളെല്ലാം ഉദാഹരണം മാത്രം.
ജനിച്ച ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില വിശുദ്ധ വചനങ്ങള്‍ കാണുക: ജനിച്ച ദിവസവും മരണപ്പെടുന്ന ദിവസവും പുനര്ജന്മ ദിവസവും യഹ്യാ നബി (അ)ന് സുരക്ഷയും സമാധാനവും ഉണ്ട്(മര്‍യം : 15).അബൂഖത്താദ (റ) വില്‍ നിന്ന് നിവേദനം : നബി (സ) യോട് തിങ്കളാഴ്ച ദിവസത്തെ സുന്നത്ത് നോമ്പിന്റെ അടിസ്ഥാനം സംബന്ധിച്ച് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു:അത് ഞാന്‍ ജനിച്ച ദിവസമാണ്,ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ട ദിവസവും അതു തന്നെ(മുസ്ലിം). നബി (സ) പറഞ്ഞു : സൂര്യന് ഉദിച്ച ദിവസങ്ങളില്‍ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാണ്. ആ ദിവസമാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത്. അന്നുതന്നെയാണ് അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ നിന്ന് പുറത്ത് പോയതും(മുസ്ലിം).
നബി (സ) ജനിച്ച ദിവസം
'നബി (സ) ജനിച്ച ദിവസം ഏതാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടാണെന്ന അഭിപ്രായം ദുര്‍ബലമായ റിപ്പോര്‍ട്ടാണ്. പിന്നെങ്ങിനെയാണ് നബിദിനം അന്നേദിവസമായി കണക്കാക്കുക? 'നബിദിന വിമര്‍ശകരുടെ ചോദ്യമാണിത്.
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെന്നത് ശരി. പക്ഷേ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ചയാണ് നബി തിരുമേനി (സ) ഈ മണ്ണിലേക്ക് പിറന്ന് വീണതെന്നാണറ പ്രബല ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.വിമര്‍ശകര്‍ അംഗീകരിക്കുന്ന പ്രമുഖ മുജാഹിദ് പണ്ഡിതന് പ്രൊഫ : മുഹമ്മദ് കുട്ടശ്ശേരി തന്നെ ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്: ''ഇസ്ലാം മതത്തിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) എ.ഡി 571 ഏപ്രില്‍ 20 തിങ്കളാഴ്ച ഭൂജാതനായി. റബീഉല്‍ അവ്വല്‍ 12 ആണ് അറബിക്കണക്കനുസരിച്ച് നബിയുടെ ജന തീയതി. നബിയുടെ ജനം നടന്ന തിയതിയും ദിവസവും സമയവും സംബന്ധിച്ച പ്രബലമല്ലാത്ത മറ്റു പല അഭിപ്രായങ്ങളും ചരിത്രഗ്രന്ഥങ്ങളിലുണ്ട്.''(ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പേ : 26)
നബി (സ) ജനിച്ചതിലും പ്രവാചകനായി നിയോഗിക്കപ്പെട്ടതിലും സന്തോഷിക്കണമെന്ന് വ്യക്തമായി വിശുദ്ധ ഖുര്‍ആന്‍ തന്നെ ആഹ്വാനം ചെയ്യുന്നുണ്ട് :''പറയുക അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികള്‍ സന്തോഷിക്കട്ടെ,അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വസ്തുക്കളേക്കാളും ഉത്തമമാണ് ':യൂനുസ് 58 '(യൂനസ് : 58) പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ റഹ്മത്ത് (കാരുണ്യം) എന്നതിന് നല്കിയ വ്യാഖ്യാനം 'നബി (സ)' എന്നാണ്.മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു. അല്ലാഹുവിന്റെ ഔദാര്യം എന്നതിനര്‍ഥം വിജ്ഞാനം എന്നാണ്. റഹ്മത്ത് (കാരുണ്യം) എന്നത് കൊണ്ട് വിവക്ഷിതം മുഹമ്മദ് നബി (സ) ആകുന്നു. (ദുര്‍റുല്‍മന്‍സൂര്‍ 2/308) നബി (സ) യെ ഖുര്‍ആന്‍ വിശേഷിപ്പിച്ച് തന്നെ റഹ്മത്ത് (കാരുണ്യം) എന്നാകുന്നു;പ്രവാചകരേ, ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാകുന്നു നാം താങ്കളെ നിയോഗിച്ചിരിക്കുന്നത് (അമ്പിയാഅ് : 107)നബി (സ) തന്നെ സ്വയം വിശേഷിപ്പിക്കുന്നതും കാരുണ്യം എന്ന് തന്നെ. നബി (സ) പറഞ്ഞു : നിശ്ചയം ഞാന്‍ നിയോഗിക്കപ്പെട്ടത് കാരുണ്യമായിട്ട് മാത്രമാണ്. (മുസ്ലിം)
നബി (സ) ജനിച്ചതില്‍ സന്തോഷിക്കണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ വൈമനസുള്ളവരോട് സദയം ചോദിക്കട്ടെ; നബി (സ) ഈ ലോകത്ത് കടന്നു വന്നതില്‍ നിങ്ങള്‍ ദുഃഖിക്കുമോ? അല്ലെങ്കില്‍ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാതെ മാറി നില്‍ക്കുമോ? ഇതില്‍ ഏതു നിലപാട് സ്വീകരിച്ചാലും അവര്‍ക്ക് ഇസ്ലാമിലുള്ള സ്ഥാനം എന്താണെന്ന് അറിവുള്ള പണ്ഡിതന്മാരോട് ചോദിച്ച് മനസിലാക്കുക.
സന്തോഷം രേഖപ്പെടുത്താനും അനുസ്മരിക്കാനും ജനിച്ച ദിവസവും മാസവും തന്നെ എന്തിന് തിരഞ്ഞെടുക്കണമെന്നതാണ് മറ്റു ചിലരുടെ സംശയം. ഏതു സമയത്തും പ്രവാചക നിയോഗത്തില്‍ സന്തോഷിക്കുകയും പ്രവാചകരെ അനുസമരിക്കുകയു ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. പക്ഷെ, ചരിത്രത്തില്‍ ഇടം നേടിയ വലിയ സംഭവങ്ങള്‍ ആ സംഭവങ്ങള്‍ നടന്ന ദിവസങ്ങളില്‍ അനുസ്മരിക്കുകയെന്നത് മനുഷ്യസഹജമാണ്. അങ്ങനെ ചെയ്യുന്നത് മനുഷ്യ മനസുകളില്‍ സ്വാധീനം ചെലുത്താന്‍ കൂടുതല്‍ സഹായകവുമാണ്.
ബദ്ര്! അനുസ്മരണം ആ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന ദിവസം നടത്തുമ്പോള്‍ മറ്റ് ദിവസങ്ങളില്‍ നടത്തുന്നതിനേക്കാള്‍ ശ്രദ്ധേയമാകുമല്ലോ. ജീലാനി ദിനവും നബിദിനവുമെല്ലാം ഇപ്രകാരം തന്നെ. മതപരമല്ലാത്ത വിഷയങ്ങള്‍ക്കും ഉണ്ട് ഈ പ്രത്യേകത. സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് നടത്തുന്നതിന്റെ പ്രാധാന്യം മറ്റു ദിവസങ്ങളില്‍ നടത്തിയാല്‍ ലഭിക്കില്ലല്ലോ.
രണ്ട് ആഘോഷങ്ങള്‍ മാത്രമോ?
ഇസ്ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്. അത് ഈദുല്‍ ഫിത്തറും ഈദുല്‍ അള്ഹയുമാണ്. മൂന്നാമതൊരു ആഘോഷം പിന്നെവിടെനിന്നു വന്നു?ചിലരുന്നയിക്കുന്ന ചോദ്യമാണിത്.രണ്ട് ആഘോഷങ്ങളേയുള്ളൂ എന്നതിനര്‍ഥം പ്രത്യേക ആരാധാനാകര്മങ്ങളുള്ള രണ്ട് ആഘോഷങ്ങളേയുളളൂ എന്നാണ്. പ്രത്യുത മറ്റു സന്തോഷവേളകളും അവസരങ്ങളും മുസ്ലിംകള്ക്ക് ഇസ്ലാം അനുവദിച്ചിട്ടില്ല എന്നല്ല. രണ്ട് പെരുന്നാള്‍ ദിവസങ്ങളേക്കാള്‍ സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന എത്രയെത്ര അവസരങ്ങളാണ് നമ്മുടെ ജീവിതത്തില്‍ വരാറുള്ളത്. നബി തിരുമേനി (സ) പലായനം ചെയ്ത് മദീനയിലെത്തുന്ന ആദ്യദിനം ഒരു റബീഉല്‍ അവ്വല്‍ പന്ത്രണ്ടായിരുന്നു. അന്ന് മദീനയിലെ മുസ്ലിംകള് ആഘോഷിച്ചത് പോലെ മറ്റൊരു ദിവസവും മുസ്ലിംകള് ആഘോഷിച്ചിട്ടില്ല.
സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യഖ്യാതാവ് ഹാഫിള്ബിന് ഹജറില്‍ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു: 'നബി (സ) യുടെ ആഗമന ദിവസം മദീനാ നിവാസികള്‍ക്ക് പെരുന്നാള്‍ ദിനത്തേക്കാള്‍ സന്തോഷകരമായിരുന്നു.' (ഫത്ത്ഹുല്‍ ബാരി 2/442)
നബിദിന പരിപാടികളുടെ ഭാഗമായി മറ്റുദിവസങ്ങളിലില്ലാത്ത പ്രത്യേക ആരാധനാകര്‍മങ്ങള്‍ ഒന്നും ഇല്ലെന്നത് ശ്രദ്ധേയമാണ്. റമസാനിലെ ഓരോ ഇബാദത്തുകള്‍ക്കും എത്രയോ മടങ്ങ് കൂടുതല്‍ പുണ്യമുണ്ട്. പെരുന്നാള്‍ ദിനങ്ങളിലെ തക്ബീറുകള്‍ക്കും പ്രത്യേക നിസ്കാരങ്ങള്‍ക്കും മറ്റു ദിവസങ്ങളില്‍ ചൊല്ലുന്ന തക്ബീറുകളേക്കാളും സുന്നത്ത് നിസ്കാരങ്ങളേക്കാളും പ്രാധാന്യമുണ്ട്. നബിദിനത്തിലോ റബീഉല്‍ അവ്വല്‍ മാസത്തിലോ നാം ചെയ്യുന്ന ഇബാദത്തുകള്‍ക്ക് പ്രത്യേക പ്രതിഫലമുള്ളതായി ആരും അവകാശവാദമുന്നയിക്കുന്നില്ല. പ്രവാചക തിരുമേനിയോടുള്ള സ്നേഹപ്രകടനത്തിന് അനുയോജ്യമായ അവസരം ഉപയോഗപ്പെടുത്തുക എന്ന പ്രാധാന്യവും പ്രതിഫലവും ലഭിക്കുമെന്നത് സ്വാഭാവികം മാത്രം.
സ്വഹാബത്തിന്റെ പാരമ്പര്യം
നബി (സ) ജനിച്ച ദിവസം സ്വഹാബത്ത് നബി(സ) യെ പ്രകീര്‍ത്തിച്ച് കൊണ്ട് എന്തെങ്കിലും ചെയ്തതായി ചരിത്രത്തില്‍ രേഖയുണ്ടോയെന്നാണ് ചിലരന്വേഷിക്കുന്നത്.മക്കയില്‍ നിന്ന് മദീനയിലേക്കുള്ള നബി (സ) യുടെ ഹിജ്റ പ്രസിദ്ധമാണ്. മക്കയില്‍ നിന്ന് പുറപ്പെട്ട നബി (സ) യെ സ്വീകരിക്കാന്‍ മദീനാ നിവാസികള്‍ കാത്തിരിക്കുന്നു. റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ചയായിരുന്നു നബി (സ) മദീനക്കടുത്ത് ഖുബാഇലെത്തിയത്. ഉജ്ജ്വല സ്വീകരണമാണവര് നബി(സ)ക്ക് നല്‍കിയത്. നബി (സ) ജനിച്ച അതേ ദിവസം തിങ്കളാഴ്ച,അതേ തിയതി റബീഉല്‍ അവ്വല്‍ 12മദീനയിലേക്കു തിരു നബി (സ) പ്രവേശിച്ചപ്പോള്‍ മദീനാ നിവാസികള്‍ നബി (സ) തങ്ങളെ സ്വീകരിച്ചാനയിച്ചു കൊണ്ടുപോകുമ്പോള്‍ ചൊല്ലിയ പ്രകീര്‍ത്തനം ചരിത്രപ്രസിദ്ധമാണ്. അവര്‍ സന്തോഷം പ്രകടിപ്പിച്ചു പാടി.
''വദാഅ് താഴ്വരയില് നിന്നു
പൂര്‍ണ്ണ ചന്ദ്രന് ഞങ്ങളിലേക്കുദിച്ചുയര്ന്നു.
മനുഷ്യര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന കാലമത്രയും
നാം നന്ദി കാണിക്കാന്‍ ബാധ്യസ്ഥരാണ്.
ഞങ്ങളില്‍ നിയുക്തരായ തിരുദൂതരേ
അനുസരിക്കപ്പെടേണ്ട കാര്യമാണ്
അങ്ങ് കൊണ്ട് വന്നത്.''
പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊ : മുഹമ്മദ് കുട്ടശ്ശേരി ഈ ചരിത്ര സത്യം ശരിവയ്ക്കുന്നു.
റബീഉല്‍ അവ്വല്‍ 12 ന് തിങ്കളാഴ്ച അവര്‍ യഥ്രിബിനടുത്ത ഖുബാഇലെത്തി (ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പേ 55)
മദീനാ നിവാസികള്‍ നബി (സ) യുടെ ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുകളില്‍ ഉദ്ധരിച്ച പ്രകീര്‍ത്തന പദ്യം ചൊല്ലിയത് പ്രൊ: കുട്ടശ്ശേരി ഉദ്ധരിക്കുന്നുണ്ട്. സന്തോഷപ്രകടനവുമായി ബന്ധപ്പെട്ട് വന്ന ചില നിവേദനങ്ങള്‍,തുടര്‍ന്ന് അദ്ദേഹം ഉദ്ധരിക്കുന്നത് കാണുക:''നബി (സ) മദീനയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന മുസ്ലിംകള് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. ''മദീനക്കാര്‍ റസൂലിന്റെ ആഗമനം കൊണ്ട് ആഹ്ലാദിച്ചപോലെ മറ്റൊന്ന് കൊണ്ടും ആഹ്ലാദിച്ചിട്ടില്ല. ''
അബൂദാവൂദിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്. നബി മദീനയിലെത്തിയപ്പോള്‍ എത്യോപ്യക്കാര്‍ അവരുടെ കുന്തങ്ങള്‍ കൊണ്ട് കളിച്ചു. നബിയുടെ വരവു കൊണ്ട് മദീന തിളങ്ങി. ഹൃദയങ്ങളിലേക്ക് ആമോദം കടന്നുവന്നു''. അനസ് (റ) പറയുന്നു. ''നബി മദീനയില്‍ വരുന്ന ദിവസത്തിന് ഞാന്‍ സാക്ഷിയാണ്. അന്നത്തേക്കാള്‍ സുന്ദരവും തിളക്കമാര്‍ന്നതുമായ ഒരു നാള് ഞാന്‍ കണ്ടിട്ടില്ല. അറകള്‍ക്കുള്ളിലെ കന്യകമാര്‍ വീടുകള്‍ക്ക് മുകളില്‍ കയറി അനുമോദിച്ച് പാട്ടു പാടിയിരുന്നു.'' (ഇസ്ലാമിന്റെ ചരിത്രപാതയിലൂടെ പേ : 55, 56)സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യഖ്യാതാവ് ഹാഫിള് ബിന്‍ ഹജറില്‍ അസ്ഖലാനി (റ) എഴുതുന്നു. ''നിസ്സംശയം നബി (സ) യുടെ ആഗമന ദിവസം അവര്‍ക്ക് പെരുന്നാള്‍ ദിവസത്തേക്കാള്‍ ആഹ്ലാദമായിരുന്നു.'' (ഫത്ഹുല്‍ ബാരി 2:443)
മൗലിദ് പരിപാടിക്ക് തെളിവുണ്ടെങ്കില്‍ അബൂബക്കര്‍ (റ), ഉമര്‍ (റ), ആയിശ (റ) തുടങ്ങിയവരൊക്കെ ഏത് മൗലീദാണ് ഓതിയിരുന്നതെന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.
ഇന്നു നാം കാണുന്ന ഗദ്യപദ്യ സമ്മിശ്രമായ മൗലിദ് രചനകള്‍ പില്ക്കാലത്താണ് നിലവില്‍ വന്നത്. ആധുനിക രീതിയിലുള്ള നബിദിന ക്യാംപയിനുകളും മൗലിദ് പരിപാടികളും പില്ക്കാലത്ത് തന്നെയാണ് നിലവില്‍ വന്നത്. പ്രവാചക പ്രകീര്‍ത്തനം പദ്യമായും ഗദ്യമായും സ്വഹാബികള്‍ നടത്തിയിരുന്നു.
മതവിജ്ഞാനം നന്നായി നേടിയിരുന്ന സ്വഹാബിപ്രമുഖന്മാര്ക്ക് ഹദീസ് നന്നായി അറിയുമല്ലോ. എന്നാല്‍ അബൂബക്കര്‍ (റ), ഉമര്‍ (റ) , ആയിശ (റ) എന്നിവര്‍ ഏത് ഹദീസിന്റെ കിത്താബാണ് ഓതിയത്? അവര്‍ ബുഖാരി ഓതിയിരുന്നോ, മുസ്ലിം ഓതിയിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. കാരണം അക്കാലത്ത് ഹദീസ് ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. സ്വഹാബിപ്രമുഖര് ഓതിയ മൗലിദ് ഏതാണെന്ന ചോദ്യത്തിന്റെ ഉത്തരവും അത് തന്നെ.
പൂര്‍വകാലങ്ങളിലെ നബിദിന പരിപാടികള്‍
നബിദിന പരിപാടികളുടെ അടിസ്ഥാനരൂപം പൂര്‍വകാലങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. നബി (സ) ജന്മംകൊണ്ട വീട്,നബി (സ) ജനിച്ച ദിവസം മക്കാ നിവാസികള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും തങ്ങളുടെ ജന്മദിനത്തെ നല്ലനിലയില്‍ പ്രകീര്ത്തിക്കാറുണ്ടായിരുന്നുവെന്നും ചരിത്രരേഖകളില്‍ കാണുന്നു.
ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. അഹ്മദ് ശര്ബാസി രേഖപ്പെടുത്തുന്നു:''മക്ക നിവാസികള്‍ നബി (സ) യുടെ ജന്മദിനത്തെ നല്ല നിലയില്‍ പ്രകീര്‍ത്തിക്കുകയും തങ്ങള്‍ ജനിച്ച വീട് സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തിക്കൊണ്ട് ചിലര്‍ പ്രകീര്‍ത്തന കാവ്യം ആലപിക്കാറുണ്ടായിരുന്നു. അബ്ബാസ് ബിന്‍ അബ്ദില്‍ മുഥ്വലിബ് (റ) നബി (സ) യെ സംബോധനം ചെയ്തുകൊണ്ട് പറയുന്നു:''നബിയേ, അവിടുന്ന് ജന്മം കൊണ്ടപ്പോള്‍ ഭൂമിയത്രയും പ്രകാശപൂരിതമായി, അങ്ങയുടെ ജ്വലിക്കുന്ന പ്രകാശത്താല്‍ ചക്രവാളങ്ങള്‍ പ്രഭാപൂരിതമായി.'' (യസ്അലൂനകഫീദ്ദീന് ; 1:474)
ഇന്ന് നാം നടത്തിവരുന്ന ആധുനിക രീതിയിലുള്ള നബിദിന പരിപാടികള്‍ ആദ്യ കാലത്തില്ലാത്തതിനാല് ബിദ്അത്താണെന്നു വാദിക്കുന്നത് തികഞ്ഞ അജ്ഞതയാണ്.ബിദ്അത്ത് എന്നതിന് രണ്ടര്‍ഥമുണ്ട്. പുതിയത് എന്നതാണ് ഒരര്‍ഥം. ആ അര്‍ഥപ്രകാരം ഇന്നത്തെ രീതിയിലുള്ള നബിദിന പരിപാടികള്‍ പുതിയ രീതിയിലുള്ളവ തന്നെ. അനാചാരം എന്നാണ് മറ്റൊരര്‍ഥം. ആ അര്‍ഥപ്രകാരം നബിദിന പരിപാടികള്‍ അനാചാരമല്ല. കാരണം നബിദിനത്തിന്റെ ഭാഗമായി നാം നടത്തി വരുന്ന ഓരോ കാര്യവും ഇസ്ലാമില്‍ സ്ഥിരപ്പെട്ടതാണ്.
നബിദിനത്തിന്റെ ഭാഗമായി നാം നടത്തിവരുന്ന കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. സ്വലാത്തും സലാമും പദ്യ രൂപത്തില്‍ വിവിധ താളത്തില്‍ ചൊല്ലുക, പ്രവാചകപ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്യങ്ങള്‍ അറബിയില്‍ ആലപിക്കുക, നബി (സ) യുടെ ജനത്തോടനുബന്ധിച്ച് നടന്ന ചരിത്രസംഭവങ്ങള്‍ അറബിയില്‍ ഭക്തിപൂര്‍വം പാരായണം ചെയ്യുക, പ്രാര്‍ഥനയും അന്നദാനവും നടത്തുക, പ്രവാചക തിരുമേനി (സ) യുടെ ജന്മത്തിലും നിയോഗത്തിലും സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ഘോഷയാത്ര നടത്തുക, പ്രവാചകാധ്യാപനങ്ങള്‍ പഠിപ്പിക്കുന്ന പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ക്യാംപയിനുകള്‍ തുടങ്ങിയവ നടത്തുക, പ്രവാചകരെക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുക, ഇസ്ലാം അനുവദിക്കുന്ന കലാമത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ സദാചാരങ്ങള്‍ മാത്രമാണ് നബിദിന പരിപാടികളായി നടന്നുവരുന്നത്.
നബിദിനത്തിന്റെ ഭാഗമായി നടന്നുവരുന്ന എല്ലാ കാര്യങ്ങളും ഇസ്ലാമികമാണെങ്കിലും ഇവയെല്ലാം കൂടി സമയം നിശ്ചയിച്ച് ഒരു പ്രത്യേക രൂപത്തില്‍ നടത്തുന്നത് പുതിയതല്ലേ എന്ന് ചിന്തിക്കുന്നവരോട് പറയട്ടെ;അത്തരം പുതിയ കാര്യങ്ങള്‍ എല്ലാ വിഭാഗം മുസ്ലിംകളും സാര്‍വത്രികമായി നടത്തിവരുന്നുണ്ട്.
ഇസ്ലാമിക പ്രബോധനത്തന് ഇന്ന് നാം നടത്തിവരുന്ന പല മാര്‍ഗങ്ങളും പുതിയതാണ്.പ്രവാചക തിരുമേനി ഒരിക്കലെങ്കിലും സംസ്ഥാന സമ്മേളനം നടത്തിയിട്ടുണ്ടോ?പ്രവാചക തിരുമേനി ഒരിക്കലെങ്കിലും ഒരു ക്യാംപയിന് നടത്തിയിട്ടുണ്ടോ?പ്രവാചകതിരുമേനി (സ) മദ്റസയോ കോളജോ നടത്തിയിട്ടുണ്ടോ? അനാഥകളെ സംരക്ഷിക്കാന്‍ പ്രവാചക തിരുമേനി ഒരു അനാഥശാലയെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ? നമ്മുടെ മൂലഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ ഇന്ന് നാം കാണുന്ന ഫത്ത്ഹ്, കസ്റ്, ളമ്മ്, സൂകൂന്‍ തുടങ്ങിയ ഹര്‍ക്കത്തുകള്‍ ചേര്‍ത്തത് പ്രവാചക തിരുമേനിയുടെ നിര്‍ദേശാനുസരണമാണോ? പള്ളി മിനാരങ്ങളും ചന്ദ്രക്കലയും പ്രവാചകര്‍ തുടങ്ങിവെച്ചതാണോ? ഇസ്ലാമിക പ്രബോധനത്തിന് ഇന്ന് നാം ആശ്രയിക്കുന്ന സംഘടനകളോ കമ്മിറ്റികളോ പ്രവാചക തിരുമേനി(സ) യുടെ കാലത്ത് ഇല്ലേ ഇല്ല. എല്ലാം പുതിയത്. പക്ഷെ ഇവയൊന്നും മൗലികമായി ഖുര്‍ആനിനോടോ സുന്നത്തിനോടോ എതിരല്ല. അതിനാല്‍ ഇവയെല്ലാം നാം സ്വീകരിക്കുന്നു. അനാചാരമാണെന്ന അര്‍ഥത്തില്‍ ബിദ്അത്ത് എന്ന് നാം പറയുന്നില്ല. പിന്നെ നബിദിനം മാത്രമെന്തിന് അനാചാരമായി മാറ്റിനിര്‍ത്തണം?
ഇത് തന്നെയാണ് തല്‍സംബന്ധമായ ഹദീസുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് പ്രമുഖ ഹദീസ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയതും.
ഹാഫിള്ബിന് ഹജറില്‍ അസ്ഖലാനി (റ) പറയുന്നു. ''പുതിയ കാര്യങ്ങള്‍ അനാചാരമാണ് എന്നതു കൊണ്ട് ഉദ്ദേശ്യം പില്ക്കാലത്ത് ഉണ്ടാക്കപ്പെട്ടതു മതത്തില്‍ അടിസ്ഥാനമില്ലാത്തതുമായ കാര്യങ്ങളാണ്. അത്തരം കാര്യങ്ങള്‍ക്കേ മതത്തിന്റെ ദൃഷ്ടിയില് ബിദ്അത്ത് എന്ന് പറയൂ. എന്നാല്‍ മതത്തില്‍ അടിസ്ഥാനം കണ്ടെത്താന്‍ കഴിയുന്ന പുതിയ കാര്യങ്ങള്‍ക്ക് ബിദ്അത്ത് എന്ന് പറയാവതല്ല.''(ഫത്ഹുല്‍ ബാരി : 13:253).
-ഹമീദ് ഫൈസി അമ്പലക്കടവ് (അവ.സുപ്രഭാതം)