മുസ്‌ലിം വിവാഹ രജിസ്‌ട്രേഷന്‍: മന്ത്രിയുടെ ഉറപ്പ്‌ സ്വാഗതാര്‍ഹം : SMF

ചേളാരി : മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്‌ട്രര്‍ ചെയ്യണമെന്ന നിയമത്തില്‍' മഹല്ല്‌ കമ്മിറ്റികളുടെ പ്രസക്തി പരിപൂര്‍ണ്ണമായി നഷ്‌ടപ്പെടുത്തിയിരുന്നു. 2008 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുത്തിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ വിവാഹം നടന്നു എന്നതിന്റെ രേഖയായി മാത്രമാണ്‌ മഹല്ല്‌ ജമാഅത്തിന്റെ സാക്ഷ്യപത്രം ഉള്‍പ്പെടുത്തിയിരുന്നത്‌. കേരളത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പിന്റെ സുപ്രധാന ഘടകമായ മഹല്ല്‌ ജമാഅത്തുകള്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധവും മഹല്ല്‌ കമ്മികളുടെ നിയമസാധുത ഉറപ്പു വരുത്തണമെന്നും മുസ്‌ലിം സംഘടനകള്‍ നിവേദനങ്ങള്‍ മുഖേനയും പ്രമേയങ്ങള്‍ മുഖേനയും ഇടതു സര്‍ക്കാറിനെ അറിയിച്ചിരുന്നുവെങ്കിലും നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയില്ല. വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയും, മുഖ്യമന്ത്രി അച്യൂതാന്ദനും നിഷേധാത്മകവും, ശത്രുതാപരവുമായ നിലപാടുകളായിരുന്നു നിര്‍ഭാഗ്യവശാല്‍ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ ഈ പോരായ്‌മ നികത്തി മഹല്ല്‌ ജമാഅത്തുകളില്‍ രജിസ്‌ട്രര്‍ ചെയ്‌ത വിവാഹ സര്‍ട്ടീഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മുസ്‌ലിം വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന പുതിയ നിയമനിര്‍മ്മാണം നടത്തുമെന്ന്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉറപ്പ്‌ സ്വാഗതാര്‍ഹവും അഭിമാനാര്‍ഹവുമാണെന്ന്‌ സുന്നീ മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ഫൈസി മുക്കം, പിണങ്ങോട്‌ അബൂബക്കര്‍, യൂ.ശാഫി ഹാജി, കെ.എം.ആലി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.