കേന്ദ്ര സെന്‍സസ്‌ : ഉയര്‍ന്ന ക്ലാസ്സിലെ അധ്യാപകരെ ഒഴിവാക്കണമെന്ന്‌ SKSSF

കാസര്‍കോട്‌ : കേന്ദ്രസര്‍ക്കാരിന്റെ സമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസിന്‌ സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടൂ അധ്യാപകരെ നിയമിക്കാനുളള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ഈ തീരുമാനം എത്രയും പെട്ടെന്ന്‌ പിന്‍വലിക്കണമെന്നും SKSSF ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. അധ്യായന വര്‍ഷത്തിന്റെ അവസാന ടേമില്‍ ഹയര്‍സെക്കന്ററി, പത്താം ക്ലാസ്സ്‌ അധ്യാപകര്‍ നാല്‍പത്‌ ദിവസത്തോളം നീണ്ടുനില്‍ക്കുന്ന സര്‍വ്വേയ്‌ക്ക്‌ ഇറങ്ങുന്നത്‌ സര്‍ക്കാര്‍ - എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷയെ പ്രതികൂലമായി ബാധിക്കും. സാധാരണ പ്രൈമറി സ്‌കൂള്‍ അധ്യാപകരെകൂടി സര്‍വ്വേക്ക്‌ നിയമിച്ചിരുന്നെങ്കിലും ഇത്തവണ ഒന്‍പത്‌ മുതല്‍ പ്ലസ്‌ടൂ വരെയുളള ക്ലാസ്സുകളിലെ അധ്യാപകരെയാണ്‌ നിയമിച്ചത്‌. ഇത്‌ വിദ്യാര്‍ത്ഥികളോട്‌ കാണിക്കുന്ന അനീതിയും അക്രമവുമാണ്‌. ഒരു പഞ്ചായത്ത്‌ വാര്‍ഡിനോളം ജനസംഖ്യയുളള പ്രദേശത്തെ എന്യൂമറേഷന്‍ ബ്ലോക്കുകളായി തിരിച്ചാണ്‌ സര്‍വ്വേ. ഒരു എന്യൂമറേറ്റര്‍ക്ക്‌ നാല്‌ ബ്ലോക്കിന്റെയാണ്‌ ചുമതല. ബി.പി.എല്‍ സര്‍വ്വേയില്‍ പരാതി തീര്‍ക്കല്‍ ജോലി അധ്യാപകസംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നെങ്കിലും ഈ സര്‍വ്വേയ്‌ക്ക്‌ നാല്‍പത്‌ ദിവസത്തേക്ക്‌ ഒരു അധ്യാപകന്‌ 18000 രൂപ പ്രത്യേക പ്രതിഫലവും സര്‍വ്വേ ദിനങ്ങള്‍ ഡ്യൂട്ടിയായി പരിഗണിച്ച്‌ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ ഇത്‌ ബഹിഷ്‌ക്കരിക്കാന്‍ അധ്യാപകസംഘടനകളും തയ്യാറാകാത്തത്‌ കൊണ്ട്‌ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയാണ്‌ അവതാളത്തിലായത്‌. ഇത്‌ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.