മലബാര്‍ കാമ്പസ്‌ കോളിന്‌ പ്രൗഢോജ്വല തുടക്കം






തിരൂരങ്ങാടി : മലബാര്‍ കാമ്പസ്‌ കോളിന്‌ ഉജ്വല തുടക്കം. പാലക്കാട്‌ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SKSSF കാമ്പസ്‌ വിങ്‌ സംസ്ഥാന കമ്മിറ്റി നടത്തിയ കാമ്പസ്‌ കോളില്‍ 300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാലയങ്ങള്‍ നന്മകളുടെ വിളനിലമാവണമെന്നും വൈജ്ഞാനിക സ്ഥാപനങ്ങളില്‍ സമരമുഖങ്ങള്‍ തീര്‍ക്കുന്നത്‌ വൈജ്ഞാനിക കൈരളിയുടെ ഭാവിയെ കളങ്കപ്പെടുത്തുമെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. മലബാര്‍ കാമ്പസ്‌ കോള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ പത്തിന്‌ തുടങ്ങിയ ഉദ്‌ഘാടന സെഷനില്‍ മലബാര്‍ കാമ്പസ്‌ കോള്‍ ഡയറക്‌ടര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.മുഹമ്മദ്‌ ശാഫി ചെമ്മാട്‌, ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌, റഹീം ചുഴലി, കെ.സി മുഹമ്മദ്‌ ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, അയ്യൂബ്‌ കൂളിമാട,്‌ സിദ്ദീഖ്‌ ചെമ്മാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന ഫെയ്‌സ്‌ ടു ഫെയ്‌സ്‌ പരിപാടിക്ക്‌ നവാസ്‌ നിസാര്‍ നേതൃത്വം നല്‍കി. രണ്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട്‌ സമാപന സംഗമം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.



വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്ന്‌ നവാസ്‌ നിസാര്‍



തിരൂരങ്ങാടി : പൂര്‍ണമായും അന്ധത ബാധിച്ച്‌ വിധി തനിക്കെതിരെ വിധി പല്ലിളിചച്ചപ്പോഴും തളരാതെ മുന്നോട്ട്‌ നീങ്ങി ഉയരങ്ങള്‍ വെട്ടിപ്പിടിച്ച നവാസ്‌ നിസാറുമായുള്ള ഇന്ററാക്ഷന്‍ മലബാര്‍ കാമ്പസ്‌ കോളിന്‌ പുതിയ മുഖം നല്‍കി. കാലിക വിഷയങ്ങളില്‍ സമഗ്രമായ കാഴ്‌ചപ്പാടുകളുള്ള അദ്ദേഹം അഭിസംബോധന വിദ്യാര്‍ത്ഥികള്‍ക്ക്‌ നവ്യാനുഭവം പകര്‍ന്നു. ബഹളങ്ങള്‍ക്കിടയില്‍ സൗമ്യമായ ജീവിത രീതിയിലൂടെ വലിയൊരു പ്രോബോധനം നിര്‍വഹിക്കാന്‍ നമുക്കാവുമെന്നും അതാണ്‌ സമസ്‌ത വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ജീവിതത്തിലൂടെ ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ രചിച്ച്‌ വിദ്യാര്‍ത്ഥി സമൂഹം പൊതുജനതക്ക്‌ മാതൃക തീര്‍ക്കണം. ഡല്‍ഹി യൂണിവേഴ്‌സിറ്റി അസി.പ്രഫസര്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗദ്ധികമായും സാംസ്‌കാരികമായും ഭൗതിക കോളജുകള്‍ക്ക്‌ ഭവിച്ച അപചയങ്ങളെ വിലയിരുത്തിയ അദ്ദേഹം; വിശാലമായ വായനയും ആശയലോകവും ഉള്ള ആളുകള്‍ക്കേ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കാനാവൂ എന്നും ഉദ്‌ബോധിപ്പിച്ചു.
ജാബിര്‍ എടപ്പാള്‍