ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക്



കുവൈത്ത് സിറ്റി : കേരളത്തിലെ മതബോധന വീഥിയിലെ ഏറ്റവും മികച്ച വ്യക്തിത്വത്തിന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരത്തിന് പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാരെ തെരഞ്ഞെടുത്തതായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ 1979 മുതല്‍ പ്രൊഫസറും 2003 മുതല്‍ പ്രിന്‍സിപ്പാളായും സേവനം ചെയ്യുന്ന ആലിക്കുട്ടി മുസ്‍ലിയാര്‍ 1986 മുതല്‍ സമസ്ത മുശാവറ അംഗവും 1992 മുതല്‍ സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമാണ്. സുന്നി അഫ്കാര്‍ വാരിക, അല്‍ മുഅല്ലിം മാസിക, അല്‍നൂര്‍ അറബി മാസിക, മുസ്‍ലിം ലോകം എന്നിവയുടെ ചീഫ് എഡിറ്ററുമാണ്. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ അലങ്കരിച്ച ആലിക്കുട്ടി മുസ്‍ലിയാര്‍ മികച്ച എഴുത്തുകാരനും പ്രഭാഷകനും സംഘാടകനുമാണ്. ഗള്‍ നാടുകളടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം നിരവധി അന്താരാഷ്ട്ര ഇസ്‍ലാമിക് സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവും, വിവിധ മത സ്ഥാപനങ്ങളുടെ സാരഥ്യവും വഹിക്കുന്ന അദ്ദേഹം അയ്യായിരത്തിലധികം ശിഷ്യ ഗണങ്ങളുള്ള അപൂര്‍വ്വം പണ്ഡിതരില്‍ ഒരാളാണ്. ഈ മാസം 27 ന് കുവൈത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. ജാബിര്‍ അല്‍ അന്‍സി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം സമ്മാനിക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.