വിശുദ്ധ ഖുര്‍ആന്‍ സ്നേഹത്തിന്‍റെ സന്ദേശം : പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍



കുവൈത്ത് സിറ്റി : സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നതെന്നും അശാന്തിയും ഭീകരതയും അതിന്‍റെ സന്ദേശമല്ലെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍ സര്‍വ്വ മനുഷ്യരോടും സ്നേഹം കാണിക്കാനാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഖുര്‍ആന്‍റെ അധ്യാപനങ്ങളെ തന്‍റെ ജീവിതത്തിലൂടെ കാണിച്ച് തന്ന പ്രവാചകന്‍ () എല്ലാ മനുഷ്യരേയും ജീവചാലങ്ങളേയും സ്നേഹിക്കാന്‍ പഠിപ്പിച്ചു. പ്രവാചകന്‍റെ അതേ പാത പിന്തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ആ സന്ദേശമാണ് പകര്‍ന്ന് നല്‍കിയതെന്നും അദ്ദേഹം അനുസ്മരിച്ചു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് പ്രഭാഷണം നടത്തി. കേരളത്തിലെ മാതൃകാ ദഅ്‍വ പ്രവര്‍ത്തനത്തിന് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് അഡ്വ. ജാബിര്‍ അല്‍ അന്‍സി സമ്മാനിച്ചു. സയ്യിദ് ഗാലിബ് മശ്ഹൂര്‍ തങ്ങള്‍, കെ.എം.സി.സി. സെക്രട്ടറി സലാം വളാഞ്ചേരി, കെ.കെ. എം. എ സെക്രട്ടറി എ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്‍മാന്‍ ദാരിമി സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.


-ഗഫൂര്‍ ഫൈസി-