തിരൂര് പോളിയില് ഇഗ്നോ ബിടെക്, ഡിപ്ലോമ കോഴ്സുകള്ക്ക് അനുമതി

തിരൂര്‍: ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വെര്‍ട്ടിക്കലി ഇന്റഗ്രേറ്റഡ് എന്‍ജിനീയറിങ് പ്രോഗ്രാം പ്രകാരം തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളജില്‍ ബിടെക്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്താന്‍ അനുമതി ലഭിച്ചു. ഇപ്രകാരമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പഠനകേന്ദ്രമാണ് തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളജ്.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഡിപ്ലോമ കോഴ്‌സിലേക്ക് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒന്നാം സെമസ്റ്ററിലേക്കും ഐടിഐ, ഐടിസി കഴിഞ്ഞവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്കും പ്രവേശനം നല്‍കും.ബിടെക് കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഒന്നാം സെമസ്റ്ററിലേക്കും എന്‍ജിനീയറിങ് ഡിപ്ലോമ, ബിഎസ്‌സി, ബിസിഎ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി ആയും പ്രവേശനം ലഭിക്കും.
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് യോജ്യമായ രീതിയില്‍ കോഴ്‌സിന്റെ സമയക്രമീകരണം നടത്തിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളജ് മാത്രമാണ് പഠനകേന്ദ്രം. അപേക്ഷകള്‍ www.ignouviep.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കണം. സെപ്റ്റംബര്‍ മൂന്നാണ് അവസാന തീയതി.
കൂടാതെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ നടത്തുന്ന കമ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളും തിരൂര്‍ പോളിടെക്‌നിക്കില്‍ നടത്തുന്നുണ്ടെന്ന് ഗവേണിങ് ബോഡി ചെയര്‍മാന്‍ കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ, പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീറലി, കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.