നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ !

റമദാന്‍ ആഗതമാവുന്നതിനു മുന്നെ റമദാന്‍ വിപണിയൊരുങ്ങികഴിഞ്ഞിരുന്നു ഒന്ന് വെച്ചാല്‍ രണ്ട് ഓഫറുകളുമായി ബഹുവര്‍ണ്ണ പേപ്പറുകള്‍കൊണ്ട് വാതില്പടികള്‍ മറക്കപെടുന്നു. ഇന്നലെ വരെ ഇസ്‌ലാമോഫോബിയ പിടികൂടിയിരുന്ന ചാനലുകള്‍ വരെ റമദാന്‍ സ്‌പെഷ്യല്‍ പരിപാടികളോടെ സജീവമാവുകയായി. സീരിയല്‍ നടന്മാരും നടിമാരും വരെ ചാനല്‍ മുഫിതിമാരും മുഫ്ത്തിച്ചികളുമായി തലേക്കെട്ടും മക്കനയുമിട്ട് തകര്‍ത്താടാന്‍, നിറഞ്ഞ് കവിയാന്‍ എന്നേ തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു.
ഇനിയങ്ങോട്ട് റമദാന്‍ സ്‌പെഷ്യല്‍ സ്‌റ്റേജ് ഷോകളുടെ പൂരമാണ് (പ്രത്യേകിച്ച് ഗള്‍ഫില്‍ ) ..റമദാന്‍ മിമിക്രിയും റമദാന്‍ സിനിമാറ്റിക് ഡാന്‍സും വരെ അവതരിപ്പിക്കാന്‍ ഭക്തിയോടെ തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടക്കുന്നു. ചാനലായ ചാനലുകളെല്ലാം മാറ്റികുത്തി റമദാന്‍ ഗാനം ഡെഡിക്കേറ്റ് ചെയ്യാനും എസ്.എം.എസ്. അയച്ച് പുണ്യം നേടാനും വേണ്ടി മത്സരിക്കും നമ്മുടെ മലയാളി മുസ്‌ലിം സമൂഹം. ഒരു എസ്.എം.എസ്. അയച്ചാല്‍ എഴുപത് ഇരട്ടിയല്ലേ പ്രതിഫലം ! അതെന്തിനു നഷ്ടപ്പെടുത്തണം.
മകളെകെട്ടിക്കാന്‍ 100 പവന്‍ തികയാതെ വിഷമിക്കുന്നവര്‍, വീടിന്റെ രണ്ടാം നിലയില്‍ മാര്‍ബിള്‍ വിരിക്കാന്‍ കാശില്ല്‌ലാതെ നട്ടം തിരിയുന്നവര്‍, വീടിനു യോജിക്കുന്ന വലിപ്പത്തില്‍ എല്‍.സി.ഡി ടി.വി യില്ലാത്തവര്‍.. അങ്ങിനെ ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ ദയനിയതയുടെ മുഖാവരണവുമിട്ട് ഒരുങ്ങികഴിഞ്ഞിരിക്കുന്നു.
രണ്ട് മൂന്ന് നോമ്പ് കഴിഞ്ഞാല്‍ പിന്നെ ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കും ..ധുര്‍ത്തിനെതിരെ ധാര്‍മ്മിക വചക കസര്‍ത്തുകള്‍ നടത്തുന്ന മത സംഘടനകളടക്കം ഭക്ഷണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് ഒട്ടും പിന്നിലല്ലെന്നതില്‍ അവര്‍ക്കും അഭിമാനിക്കാം (!). അത്തരം മാമാങ്കങ്ങളിലെക്ക് ക്ഷണിക്കപ്പെടുന്നവരുടെ മഹത്വം കണ്ട് പട്ടിണിപ്പാവങ്ങള്‍ക്ക് വയറു നിറയും... രാഷ്ടീയ നോമ്പ് തുറകള്‍ സന്ദര്‍ശിച്ചാല്‍ നല്ല നടനെയൂം നടിമാരെയുമൊക്കെ കണ്ടെത്താന്‍ പറ്റും. അതും ചില്ലറകാര്യമല്ല.
ഇങ്ങിനെയൊക്കെ എല്ലാവരും ഉണരുമ്പോള്‍ നമ്മുടെയൊക്കെ അവസ്ഥയാണ് ചിന്തിക്കേണ്ടത്... നമ്മളിപ്പോഴും ഉറക്കത്തിലാണല്ലോ ! അഭിമാനം മുറിപ്പെടാതെ അരവയര്‍ മുറുക്കിയുടുത്ത് അര്‍ദ്ധപ്പട്ടിണിയായി ,ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ മറ്റേ അറ്റം വേറിടുന്ന അവസ്ഥയില്‍ നമുക്ക് ചുറ്റും ജീവിതം തള്ളിനീക്കുന്നവരെ കുറിച്ചോര്‍ക്കാ ന്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഡെഡിക്കേറ്റ് ചെയ്യാന്‍ ഈ പുണ്യമാസം ഉപയോഗപ്പെടുത്താ നുള്ള സന്മനസ്സും സൌഭാഗ്യവും നമുക്കുണ്ടാവട്ടെ.
വിശുദ്ധറമദാന്‍ ഒരിക്കല്‍ കൂടി നമ്മുടെ ആയുസിനിടയ്ക്ക് ആ!ഗതമായിരിക്കുന്ന ഈ വേളയില്‍, എല്ലാ! മാലിന്യങ്ങളില്‍ നിന്നും മനസിനെയും ശരീരത്തെയും കഴുകി സ്ഫുടം ചെയ്യാനുള്ള അവസരം പാഴാക്കികളയാതെ ഉപയുക്തമാക്കാന്‍ നമുക്കേവര്‍ക്കും അനുഗ്രഹമുണ്ടാവട്ടെ .. അനാവശ്യ ചര്‍ച്ചകളില്‍ നിന്നും ,റമദാനിന്റെ പരിശുദ്ധി നഷ്ടമാക്കുന്ന എല്ലാ വായനകളില്‍ നിന്നും, അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും എല്ലാം മാറി നില്‍ക്കാനും ആ മാറിനില്‍ക്കല്‍ റമദാനിനു ശേഷം തുടര്‍ന്ന് ജീവിതത്തില്‍ അനുവര്‍ത്തിക്കാനും തീരുമാനമെടുക്കാം..
ഹസ്സന്‍ ഇബ്‌നു ഹുസൈന്‍