സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണം: സമസ്ത

ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ 'സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം' കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.

സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari