സത്യധാര പ്രചാരണ കാമ്പയിൻ ആരംഭിച്ചു

കോഴിക്കോട്: വെറും വായനയല്ല, നട്ടെല്ലുള്ള നിലപാടുകൾ എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ് എഫിൻ്റെ മുഖപത്രമായ സത്യധാരയുടെ പ്രചരണ കാമ്പയിന് ഉജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വരിക്കാരായി ചേർന്നു കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

വായനാ ലോകത്ത് നിലപാടുകളും, അകക്കാമ്പുമുള്ള എഴുത്തുകളാണ് സത്യധാരയെ വ്യതിരിക്തമാക്കുന്നതെന്നും, കാലിക വിഷയങ്ങളിൽ സത്യധാരയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

ആദര്‍ശ പ്രചരണ രംഗത്ത് സത്യധാരയുടെ തൂലികാ മുന്നേറ്റം ശ്ലാഘനീയമാണ്. മത സൗഹാർദവും സാമുദായിക സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിലും തീവ്രവാദവും, നിരീശ്വരവാദവും ഉൻമൂലനം ചെയ്യുന്നതിലും സത്യധാര വഹിച്ച പങ്ക് വളരെ വലുതാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.

സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പബ്ലിക് ലൈബ്രറികൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുവായനക്കാരിലേക്കും സത്യധാര എത്തിച്ചേരാനുള്ള വിപുലമായ പദ്ധതികളാണ് കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാശിറലി തങ്ങൾ, താജുദ്ദിൻ ദാരിമി പടന്ന, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായിൽ ദാരിമി പാലക്കാട്, ഫാറൂഖ് കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
- SKSSFSTATECOMMITTEE