മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'തിരുസായാഹ്നം' പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങൾ, ഇസ്തിഖാമയുടെ നേതൃത്വത്തിൽ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം അർത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ - സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും.

കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കും. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്‌ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.

സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന തല വിംഗ് ചെയർമാൻ കൺവീനർമാർ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE