സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ നാളെ(വ്യാഴം) ബഹ്റൈനിൽ

മനാമ:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നാളെ(വ്യാഴം) ബഹ്റൈനിലെത്തും.
സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ 20 ാം വാര്‍ഷികാഘോഷമായ തസ്ബീത്ത്-2015 ന്‍റെ സമാപന സമ്മേളനത്തില്‍ സംബന്ധിക്കാനാണ് സമസ്ത ജനറല്‍ സെക്രട്ടറി പ്രധാനമായും ഇന്ന് ബഹ്റൈനിലെത്തുന്നത്. 
സമസ്തയുടെ പ്രമുഖ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാണ്‍സിലറും പ്രമുഖ പണ്ഢിതനും ഗ്രന്ഥകാരനുമായ ഡോ.ബഹാഉദ്ധീന്‍ നദ് വി കൂരിയാടും അദ്ധേഹത്തെ അനുഗമിച്ച് ഇന്ന് ബഹ്റൈനിലെത്തും. 
മുസ്ലിം കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത 90 ആം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന അവസരത്തിലാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ ബഹ്റൈന്‍ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന പ്രഭാഷണത്തില്‍ ഗള്‍ഫ് പ്രവാസികളെ ശൈഖുനാ അഭിസംബോധന ചെയ്യും. 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ വെച്ചാണ് സമസ്തയുടെ 90 ാം വാര്‍ഷികം പ്രഖ്യാപിച്ചിരിക്കുന്നത്.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ ജന.സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷം 1996 മുതല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രട്ടറി യാണ് സൈനുല്‍ ഉലമ
ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍. മുസ്ലിം കേരളത്തിലിന്ന് സംഘടനകള്‍ക്കതീതമായി സര്‍വ്വ സമ്മതനായ കര്‍മ്മ ശാസ്ത്രപണ്ഢിതന്‍ കൂടിയാണ് ശൈഖുനാ. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനും തിരു ഹദീസും സമ്മേളിപ്പിച്ച് സരളമായ ശൈലിയാണ് അദ്ദേഹത്തിന്റേ പ്രസംഗങ്ങള്‍. നിരവധി മഹല്ലുകളുടെ ഖാളിസ്ഥാനവും സ്ഥാപനങ്ങളുടെ ഭാരവാഹിത്വവും അദ്ധേഹം വഹിക്കുന്നുണ്ട്. ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും നിസ്വാര്‍തവും ലളിതവുമായ ജീവിത ശൈലി അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നു. 
സമസ്തയുടെ പ്രമുഖ മത-ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യുനിവേഴ്സിറ്റിയുടെ വൈ.ചാണ്‍സിലര്‍ കൂടിയായ പ്രമുഖ പണ്ഢിതനും ഗ്രന്ഥകാരനുമായ ഉസ്താദ് ഡോ.ബഹാഉദ്ധീന്‍ നദ് വി കൂരിയാട് ബഹു ഭാഷാ പണ്ഢിതനും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ, തസവ്വുഫ് ഒരു സമഗ്രപഠനം തുടങ്ങി ബൃഹത്തായ നിരവധി ഗ്രന്ഥങ്ങള്‍ക്കുടമയാണ്. 
വെള്ളിയാഴ്ച രാത്രി 8.30ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-33049112 ല്‍ ബന്ധപ്പെടാവുന്നതാണ്.