മുഖ്യമന്ത്രി നീതിപാലിക്കണം : സമസ്ത

കോഴിക്കോട് : പ്രവാചകന്റേതെന്ന വ്യാജേന കാന്തപുരം എ.പി. അബൂബക്കര്‍ മൂസ്‌ലിയാര്‍ കൊണ്ടുവന്ന വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അബദ്ധങ്ങള്‍ ഉള്ളതിനാല്‍ തിരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നീതി പൂര്‍വ്വം പാലിക്കണമെന്ന് സുന്നി യുവജന സംഘം വിശേഷാല്‍ സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ കേശമുപയോഗിച്ച് വിശ്വാസചൂഷണവും, ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തേയും മത വിശ്വാസത്തേയും വഞ്ചിക്കുന്ന കാന്തപുരത്തിന് സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്നത് നാടിന് അപമാനമാണ്.
സത്യവാങ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച അബദ്ധം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കില്‍ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള വഴി സ്വീകരിക്കാന്‍ സംഘടന മുന്നോട്ട് വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഉണര്‍ത്തി. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ വിശേഷാല്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, പിണങ്ങോട് അബൂബക്കര്‍ , ജലീല്‍ ഫൈസി പുല്ലംകോട്, കെ. റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍, .പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരി, എം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരി, സലീം എടക്കര മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഇബ്രാഹിം ഹാജി, ഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരം, ഉമര്‍ ഫൈസി മുക്കം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ. മമ്മദ് ഫൈസി, സലാം ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആര്‍വികുട്ടിഹസന്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ടികെ പരീക്കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ.പികോയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.