സ്വയം നന്നാവുന്നതിനോടൊപ്പം മറ്റുള്ളവരെ കൂടി സന്മാര്‍ഗത്തിലേക്ക്‌ നയിക്കുന്നവനാണ്‌ യഥാര്‍ത്ഥ സത്യവിശ്വാസി : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ


റിയാദ്‌ : യഥാര്‍ത്ഥ സത്യവിശ്വാസി ഭൗതിക കാര്യങ്ങളില്‍ ലക്ഷ്യം വെക്കാതെ നന്മക്ക്‌ മുതിരുകയും പരലോക ഗുണം മാത്രം ലക്ഷ്യം വെച്ച്‌ മറ്റുള്ളവരെ കൂടി സന്മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുന്നവനാണെന്ന്‌ മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ പറഞ്ഞു. ഇസ്‌ലാമില്‍ കുറച്ചു ഭാഗങ്ങള്‍ നിരോധിക്കപെട്ടിട്ടുള്ളതാണ്‌. എന്നാല്‍ സിംഹ ഭാഗങ്ങളും ആസ്വാദനാര്‍ഹവുമാണ്‌. നിങ്ങള്‍ കുടുംബങ്ങളെ പോറ്റുവാന്‍ വേണ്ടി ഗള്‍ഫിലേക്ക്‌ വന്നത്‌ പോലും ഇസ്‌ലാമില്‍ പുണ്ണ്യമുള്ളതാണ്‌. കൂട്ടുകാരനെ കണ്ട്‌ സ്‌നേഹ ഹസ്‌തം കൊടുക്കുന്നത്‌ പോലും ഇസ്‌ലാമില്‍ പുണ്ണ്യമുള്ളതാണ്‌. റിയാദ്‌ കോഴിക്കോട്‌ ജില്ലാ മുസ്‌്‌ലിം ഫെഡറേഷന്റെ കീഴില്‍ സംസം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാസ്റ്റര്‍. ഒരു സത്യവിശ്വാസിയുടെ ബാധ്യതയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ജീവിതം ചിട്ടപ്പെടുത്തലും, രണ്ടാമത്തേത്‌ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റുകയും, സന്മാര്‍ഗത്തിലേക്ക്‌ വരാത്തവരെ ആനയിപ്പിക്കലുമാണ്‌. ഗസ്സാലി ഇമാമിന്റെ ഒരു സിദ്ധാന്തം ഉദ്ധരിച്ചുകൊണ്ടാണ്‌ മാസ്റ്റര്‍ ഈ കാര്യം സദസ്സിന്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. വസ്‌തു വളഞ്ഞാല്‍ നിഴലും വളയും. ആയത്‌ കൊണ്ട്‌ ഒരു വിശ്വാസി അവനില്‍ അര്‍പ്പിതമായ കര്യങ്ങളില്‍ നിന്നും പിറകോട്ട്‌ പോകുവാന്‍ പാടില്ല. മത സംഘടന കൊണ്ട്‌ നമ്മുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഇതു രണ്ടുമാണ്‌.


പരസ്‌പരം കൂട്ടായ്‌മ ഉണ്ടായാല്‍ നമുക്ക്‌ പലതും നേടാന്‍ കഴിയുന്നതാണ്‌. ഇതിനെല്ലാം തന്നെ ഒരു സംഘടനാ പിന്‍ബലം അനിവാര്യമാണ്‌. അതുപോലെ നന്മയിലേക്ക്‌ ക്ഷണിക്കല്‍ ഏറ്റവും പുണ്ണ്യവുമുള്ള കാര്യമാണെന്നും മാസ്റ്റര്‍ ഓര്‍മിപ്പിച്ചു. മറ്റുള്ള സംഘടനകളെ അപേക്ഷിച്ച്‌ മത സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യം കൂടുതലായി ഊന്നല്‍ നല്‍കുന്നത്‌ പരലോക മോക്ഷം മാത്രവുമാണ്‌. 

സമസ്‌തയുടെ ആശീര്‍വ്വാദത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക്ക്‌ സെന്ററിന്റെ പോഷക ഘടകമാണ്‌ കോഴിക്കോട്‌ ജില്ലാ മുസ്ലിം ഫെഡറേഷന്‍. കോഴിക്കോട്‌ ജില്ലയെ മൂന്ന്‌ വ്യത്യസ്‌ത മേഖലകളാക്കി തിരിച്ച്‌ പ്രവര്‍ത്തകരെ കണ്ടെത്തി വിപുലമായ ഒരു കമ്മിറ്റിക്ക്‌ രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

പരിപാടിയില്‍ ഹനീഫ മൂര്‍ക്കനാട്‌ അധ്യക്ഷത വഹിചു. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി മൊയ്‌തീന്‍ കോയ കല്ലമ്പാറ ഉല്‍ഘാടനവും, എസ്‌. വൈ. എസ്‌. സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, അലവിക്കുട്ടി ഒളവട്ടൂര്‍, ബഷീര്‍ താമരശ്ലേരി, മോയിതീന്‍ ചെറുവണ്ണൂര്‍, അലവിക്കുട്ടി രാമനാട്ടുകര, മുസ്‌തഫ നരിക്കുനി, കരീം പുതുപ്പാടി, ഷഹീര്‍ കോടമ്പുഴ, ഹുസ്സൈന്‍ കുട്ടി അമ്പലക്കണ്ടി, അഷ്‌റഫ്‌ തെങ്ങിലക്കടവ്‌, നാസര്‍ കന്തപുരം, അഷ്‌റഫ്‌ കുന്നമംഗലം, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. അസീസ്‌ പുള്ളാവൂര്‍ സ്വാഗതവും, ഷരീഫ്‌ അകരൂല്‍ നന്ദിയും പറഞ്ഞു.