ഹജ്ജ്; സംസ്ഥാനത്തെ 82 ഏജന്‍സികള്‍ക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതി


കൂടുതല്‍ തീര്‍ഥാടകരുള്ളത് 
എസ്.വൈ.എസ് ഹജ്ജ് സെല്ലിന്
മലപ്പുറം: സംസ്ഥാനത്തെ 82 സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനയാത്ര സംഘടിപ്പിക്കാന്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. ഇവരില്‍ 49 ഏജന്‍സികള്‍ക്ക് 50 വീതം ഹാജിമാരെ കൊണ്ടുപോകാനാണ് അനുമതി ലഭിച്ചത്. 24 ഏജന്‍സികള്‍ക്ക് മാത്രമേ നൂറില്‍ കൂടുതല്‍ ക്വോട്ട ലഭിച്ചിട്ടുള്ളൂ. എസ്.വൈ.എസ് ഹജ്ജ് സെല്ലിനാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെ കൊണ്ടുപോകാന്‍ അനുമതി- 530 പേര്‍. അല്‍ ഹിന്ദ്, അല്‍ ഫലാഹ് ഗ്രൂപ്പുകള്‍ക്ക് 454 വീതവും വാസ്കോ, സല്‍മത്ത് ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 417 വീതവും കേരള ഇസ്ലാം ഹജ്ജ് ഉംറ സര്‍വീസിന് 435 ഉം തീര്‍ഥാടകരെ കൊണ്ടുപോകാം. 568 ട്രാവല്‍ ഏജന്‍സികള്‍ക്കാണ് രാജ്യത്ത് ഒട്ടാകെ അനുമതി നല്‍കിയത്. ഇവര്‍ 45,491 പേരെ കൊണ്ടുപോകും. ഇതില്‍ 9242 പേര്‍ക്കാണ് കേരളത്തില്‍നിന്ന് അവസരം ലഭിക്കുക. 2008 വരെ അപേക്ഷിച്ച ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് മാത്രമേ ഇത്തവണ ലൈസന്‍സ് നല്‍കിയിട്ടുള്ളൂ.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായി 48,491 സീറ്റുകളാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നത്. ഇതില്‍ 3000 മുംബൈയിലെ ബോറ മുസ്ലിം വിഭാഗത്തിന്‍െറ ഫായിസ് ഹുസൈനി ട്രസ്റ്റിന് സര്‍ക്കാര്‍ നേരിട്ട് അനുവദിച്ചതാണ്. അവശേഷിച്ച സീറ്റുകളാണ് ഏജന്‍സികള്‍ക്കായി വീതിച്ചത്. പുതുതായി ആകെ 132 ഏജന്‍സികള്‍ക്ക് ലൈസന്‍സ് ലഭിച്ചു. ഇവര്‍ക്ക് 50 സീറ്റ് അനുവദിച്ചിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ച കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ലഭിച്ചവരില്‍നിന്ന് 10,780 സീറ്റുകള്‍ പിടിച്ചെടുത്തു. കേരളത്തില്‍നിന്ന് എട്ട് ഏജന്‍സികളില്‍നിന്നായി 550 സീറ്റുകളാണ് ഇങ്ങനെ പിടിച്ചെടുത്തത്.