ഉമര്‍ അലി ശിഹാബ് തങ്ങളുടെ പേരില്‍ കോഴിക്കോട്ട് വമ്പിച്ച ഇസ്ലാമിക സമുച്ചയമുയരുന്നു

പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സമിതി ചെയര്‍മാനും കോഴിക്കോട് വലിയ ഖാസി  ജനറല്‍ കണ്‍വീറുമായിരിക്കും 
കോഴിക്കോട്: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഹൃദയം നിറയുന്ന ഓര്‍മകള്‍ക്കു ജീവന്‍ പകര്‍ന്ന് കോഴിക്കോട്ട് പുതിയ ഇസ്ലാമിക സമുച്ചയമുയരുന്നു. പുതുതായി നിര്‍മാണം പുരോഗമിക്കുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനു എതിര്‍വശത്ത് പ്രാര്‍ഥനാ ഹാളുള്‍പ്പെടെ വിശാലമായ സൗകര്യങ്ങളോടെ പദ്ധതിയിട്ട ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സമിതി ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ കണ്‍വീനറും കോഴിക്കോട് വലിയ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ എന്നിവര്‍ ദുബൈയില്‍ മിഡിലീസ്റ്റ് ചന്ദ്രികയോടു പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.  
പ്രാര്‍ഥനാ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഇസ്ലാമിക് ലൈബ്രറി, മുസാഫര്‍ഖാന, ഗൈഡന്‍സ് സെല്‍, മസ്ലഹത്ത് സെന്‍റര്‍ എന്നിവയാണ് ഇവിടെ ഒരുക്കുക. 1,000 ഓളം പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാവുന്ന, ജുമുഅ സൗകര്യത്തോടെയുള്ള പ്രാര്‍ഥനാഹാള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലെത്തുന്നവര്‍ക്കും പരിസരങ്ങളിലെ കച്ചവടക്കാര്‍ക്കും ഏറെ അനുഗ്രഹമാകും. പ്രതിദിനം ആയിരങ്ങള്‍ എത്തുന്ന, നഗരത്തിലെ ഏറ്റവും തിരക്കു പിടിച്ച മാവൂര്‍ റോഡില്‍ യാത്രക്കാര്‍ക്ക് തങ്ങാന്‍ സൗകര്യമൊരുക്കി നിര്‍മിക്കുന്ന മുസാഫര്‍ ഖാന നഗരത്തിലെ തന്നെ പ്രഥമ സംരംഭമാണ്. രാത്രി സമയങ്ങളില്‍ നഗരത്തിലെത്തുന്ന ദീനീ പ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഇവിടെ താമസ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രതിനിധികള്‍ അറിയിച്ചു. മഹല്ലുകളിലെയും കുടുംബങ്ങളിലെയും തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്താനും പ്രശ്നങ്ങള്‍ക്കു പോംവഴി കണ്ടെത്താനും പണ്ഡിതരുടെയും വിദഗ്ധരുടെയും സേവനം ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന മസ്ലഹത്ത് സെന്‍ററും കോഴിക്കോട്ടെ മുസ്ലിം കൂട്ടായ്മക്ക് പുതിയ അനുഭവമാകും. സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന റഫറന്‍സ്, എെ.ടി സൗകര്യത്തോടെയുള്ള ഇസ്ലാമിക് ലൈബ്രറി, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഫലപ്രദമായ കൗണ്‍സലിംഗും ഗൈഡന്‍സും നല്‍കുന്ന ഗൈഡന്‍സ് സെല്‍ എന്നിവയും അനുബന്ധമായി പൂര്‍ത്തിയാക്കും. 
പദ്ധതിക്കായി നഗര മധ്യത്തില്‍ 13 സെന്‍റ് സ്ഥലം വാങ്ങുന്നതു സംബന്ധിച്ച പ്രാഥമിക നടപടികളായിട്ടുണ്ട്. രണ്ടര കോടിയാണ് സ്ഥലത്തിനു മാത്രം ചെലവു കണക്കാക്കുന്നത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മാണവും ആരംഭിക്കും. കോഴിക്കോട്ടെ ഇസ്ലാമിക ചലനങ്ങള്‍ക്ക് പുതിയ ഊര്‍ജവും ആവേശവുമായി, അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സൗധത്തിന് മൊത്തം നാലു കോടി രൂപ ചെലവു വരും. ഇതിനുള്ള സഹായങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായി ഹൃസ്വ സന്ദര്‍ശനാര്‍ഥം യു.എ.ഇയിലെത്തിയ ഹമീദലി ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങളും അറിയിച്ചു.