പെരുന്നാള്‍ പൊരുള്‍


മന്‍സൂര്‍ ഹുദവി കളനാട്

വ്രതവിശുദ്ധിയുടെ പുണ്യസ്പര്‍ശമേറ്റ വിശ്വാസികള്‍ക്ക് ധര്‍മ്മത്തിലൂന്നിയ കര്‍മങ്ങളുമായി നന്മ ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യേണ്ടതുണ്ട്; അതാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ഫിത്വര്‍. കര്‍മ്മനിര്‍വഹണത്തിന്റെ സാഫല്യത്തില്‍ ലോകരക്ഷിതാവായ അല്ലാഹു സുബ്ഹാനഉതആല തന്റെ വിശ്വാസി അടിയാളന്മാര്‍ക്ക് രണ്ടുപെരുന്നാളും മറ്റു അനവധി ദിവ്യമുഹൂര്‍ത്തങ്ങളും കനിഞ്ഞേകി. പെരുന്നാളുകള്‍ ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയുമാണ് :ചെറിയ പെരുന്നാളും ബലി പെരുന്നാളും.

രണ്ട് പെരുന്നാളിന്റെയും പൊരുള്‍ സഹനത്തിന്റെ വഴിയില്‍ ആത്മാവിനെ ആത്മീയതയുമായി ബന്ധിപ്പിച്ചതിന്റെ വിജയാഘോഷമാണ്. ചെറിയ പെരുന്നാളില്‍ വ്രതാനുഷ്ഠാനിയുടെ സഹനജീവിതമാണെങ്കില്‍ ബലിപെരുന്നാളില്‍ ഇബ്രാഹിം നബി(അ)യുടെയും കുടുംബത്തിന്റെയും പരിത്യാഗപൂര്‍ണമായ ജീവിത സന്ദര്‍ഭങ്ങളാണ് വിജയ ഭേരി മുഴക്കുന്നത്. ഈ പെരുന്നാളുകള്‍ രണ്ടു ഇസ്‌ലാമിക നിര്‍ബന്ധങ്ങളുമായി ബന്ധിതമാണ്. ബലിപെരുന്നാളാഘോഷം ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമതായ ഹജ്ജ് കര്‍മ്മത്തിന്റെ സമയത്താണെങ്കില്‍ ചെറിയ പെരുന്നാളില്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാണ്. അതായത് പെരുന്നാള്‍ ദിവസം സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയും ആ ദിവസത്തെ ചെലവ് ഒഴിച്ച് ബാക്കി വരുന്ന മുതലില്‍ നിന്ന് നിശ്ചിത നാട്ടുഭക്ഷ്യസാധനം നിശ്ചിത അളവില്‍ നല്‍കേണ്ടതുണ്ട്.

രണ്ട് ഈദുകളാണല്ലൊ ഇസ്‌ലാം മതം നിയമമാക്കിയിട്ടുള്ളത്. എന്നാല്‍ ഈദ് എന്ന അറബി പദത്തിന്റെ അര്‍ത്ഥം പെരുന്നാള്‍, ആഘോഷദിനം എന്നിങ്ങനെയാണ്. പെരുന്നാളുകള്‍ വിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ളത്. ഒരു വിശ്വസിയും ആ ദിവസങ്ങളില്‍ പട്ടിണി കിടക്കാനോ പ്രയാസപ്പെടാനോ പാടുള്ളതല്ല. കുടുംബബന്ധങ്ങളും അയല്‍പക്ക സമ്പര്‍ക്കങ്ങളും സൗഹൃദ് വലയങ്ങളും സുദൃഢമാക്കേണ്ട പുണ്യനിമിഷങ്ങളായിരിക്കണം നമ്മുടെ പെരുന്നാളുകള്‍. പുണ്യങ്ങള്‍ ചെയ്യാനുള്ളതാണ് പുണ്യദിനങ്ങള്‍, ഈദുകള്‍ പുണ്യദിനങ്ങളാണെല്ലൊ. വിശ്വമാനവികതയുടെ നിത്യ ദര്‍ശനങ്ങളായ ഫിത്വര്‍ സക്കാത്തും വിശുദ്ധ ഹജ്ജ് കര്‍മ്മവും അക്കാര്യങ്ങളാണ് നമ്മെ ഉണര്‍ത്തുന്നത്. അത് കൊണ്ട് തന്നെ ആ ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ ഇസ്‌ലാമില്‍ ഹറാമുമാണ്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.`ഫിത്വര്‍ സക്കാത്ത് നല്‍കുകയും തക്ബീറിലൂടെ തന്റെ റബ്ബിനെ സ്മരിക്കുകയും പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുകയും ചെയ്തവര്‍ വിജയിച്ചു` (89:14,15).

പെരുന്നാള്‍ നിസ്‌കാരം പെരുന്നാളുകളുടെ പ്രത്യേകതകളായ പുണ്യകര്‍മങ്ങളാണ്. മാത്രമല്ല, തക്ബീര്‍ മുഴക്കല്‍, ദാനധര്‍മ്മങ്ങള്‍ ചെയ്യല്‍, ബന്ധങ്ങള്‍ സൗഹൃദങ്ങള്‍ ദൃഢപ്പെടുത്തല്‍ രോഗികളെ സന്ദര്‍ശിക്കല്‍, മഹാന്മാരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍, സുഗന്ധം പൂശി പുതുവസത്രം ധരിക്കല്‍ തുടങ്ങിയവയും പെരുന്നാളാഘോഷത്തില്‍ ചെയ്യേണ്ട പുണ്യകര്‍മ്മങ്ങളാണ്. മഹാനായ ഇമാം ശാഫി(റ)കിതാബുല്‍ ഉമ്മില്‍ പറയുന്നു: `പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന പുണ്യരാവുകളില്‍ പെട്ടതാണ് പെരുന്നാള്‍രാവ്`.

ചുരുക്കത്തില്‍ പ്രത്യേക പരിധികളും പരിമിതികളും വെക്കപ്പെട്ട, പുണ്യങ്ങള്‍ ആശംസിക്കാനും ആഘോഷിക്കാനുമുള്ളതാണ് പെരുന്നാളുകള്‍. ആമോദമല്ല ആഘോഷം. ഒരിക്കല്‍ മനുഷ്യസൃഷ്ടിപ്പില്‍ കൗതുകം പൂണ്ട മലക്കുകള്‍ അല്ലാഹുവിനോട് ചോദിക്കുന്നു: രക്തമൊലിപ്പിക്കുന്ന, ഭൂമിയില്‍ അനാചാരങ്ങള്‍ ചെയ്തുകൂട്ടുന്ന ഒരു സമൂഹത്തെയാണല്ലൊ നീ സൃഷ്ടിക്കുന്നത്? അല്ലാഹു പറഞ്ഞു:`ഒരുമാസം എനിക്കായി നോമ്പനുഷ്ടിച്ച് എന്നെ ഓര്‍ത്ത് ഇവര്‍ പള്ളിയിലേക്ക് പോവുന്നത് നിങ്ങള്‍ കാണുന്നില്ലെയോ? .അത് കൊണ്ട് തന്നെ മനുഷ്യസൃഷ്ടിപ്പിന്റെ ഔചിത്യം നിലനിര്‍ത്താന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്. അതായത് അല്ലാഹു നിര്‍ദേശിച്ച പ്രകാരമേ ആഘോഷിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം കടുത്ത ശിക്ഷയാണ് നമ്മെ കാത്തിരിക്കുന്നത്. റബ്ബ്തആല നാമേവരേയും ശരിയായ രീതിയില്‍ ആഘോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍

എല്ലാവര്‍ക്കും  ഈദാശംസകള്‍