ഹജ്ജ് മാനവികതയുടെ മഹിത സന്ദേശം : ഷാജഹാന്‍ ദാരിമി



ദമ്മാം : മാനവികതയുടെ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും വലിയ സംഗമമാണ് ഹജ്ജ് എന്ന് ഈസ്റ്റേണ്‍ പ്രവിശ്യയിലെ പ്രമുഖ പ്രഭാഷകന്‍ ഷാജഹാന്‍ ദാരിമി തിരുവനന്തപുരം അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഹജ്ജാജിമാര്‍ക്കുള്ള ഹജ്ജ് പഠന ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈജാത്യ മനോഭാവങ്ങളെ ദൈവിക ചിന്തയുടെ പ്രഭാവങ്ങളാല്‍ അപ്രസക്തമാക്കി ഏക മാനവികതയുടെ ചിന്താധാരകളെ പ്രസരണം ചെയ്യുന്നതാണ് ഹജ്ജിന്‍റെ ഓരോ പ്രവര്‍ത്തികളും. ഏവരും അള്ളാഹുവിന്‍റെ മുന്പില്‍ സമന്മാരാണെന്ന് പഠിപ്പിക്കുന്ന വേഷവും മന്ത്രവുമായി അറഫയില്‍ ഒരുമിക്കുന്ന ജനപഥങ്ങള്‍ സമത്വ ഭാവനയുടെ ജീവിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



അല്‍മുന ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു സാര്‍ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഫൈസി വാളാട്, ഖാസിം ദാരിമി കാസര്‍ക്കോട്, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, അഹ്‍മദ് ദാരിമി കോഴിക്കോട്, കബീര്‍ ദര്‍സി മുതിരമണ്ണ, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട്, അസീസ് ഫൈസി വിളയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ഹാജി താനൂര്‍, സി.എച്ച്. മുഹമ്മദ് എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

- കബീര്‍ ഫൈസി -