ക്വാട്ട വര്‍ധിപ്പിക്കാന്‍ സാധ്യത കുറവെന്ന് മന്ത്രി അഹമ്മദ് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കം

പൂക്കോട്ടൂര്‍ : ഇക്കുറി ഹജ്ജ് യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ക്കായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാ്യമ്പില്‍ ആരംഭിച്ച ഹജ്ജ് പഠനക്യാമ്പിന് പ്രൗഢോജ്ജ്വല തുടക്കം. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രാഥനയോടെ തുടങ്ങിയ ക്യാമ്പ് കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. 1,10,000 പേരെയാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റി ഹജ്ജിന് കൊണ്ടുപോകുന്നത്.

ഈ വര്‍ഷം ക്വാട്ട വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ 82,000 ആയിരുന്നു ക്വാട്ട. പിന്നീട് സൗദി മന്ത്രാലയത്തില്‍ സമ്മര്‍ദംചെലുത്തി മൂന്നുതവണയായി ക്വാട്ട വര്‍ധിപ്പിച്ചാണ് 1,10,000 ആയതെന്നും അഹമ്മദ് പറഞ്ഞു.

ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. വിമാന യാത്രക്കൂലിയില്‍ മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഹജ്ജ് യാത്രക്കാരെ അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. ഇത് രാജ്യത്തിനും മുസ്‌ലിം സമുദായത്തിനും അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പവിത്രത അവിടെ എത്തിയാല്‍ മാത്രമേ മനസ്സിലാകൂവെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ഒരു തവണ ഹജ്ജ്‌ചെയ്യാന്‍ നിര്‍ബന്ധിതരാണ് മുസ്‌ലിം ജനസമൂഹം. പാപം ഇല്ലതാക്കാനുള്ളഅവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മുനവ്വറലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, പി.കെ. മായിന്‍ഹാജി, എം.എല്‍.എമാരായ കെ.മുഹമ്മദുണ്ണി ഹാജി, അഡ്വ. എം.ഉമ്മര്‍, പി.ഉബൈദ്, ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. എ.കെ. അബ്ദുള്‍ഹമീദ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

ഹജ്ജ് ഗൈഡിന്റെ പ്രകാശനം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഓമാനൂര്‍ അബ്ദുറഹിമാന് നല്‍കിയും ഹജ്ജ് സി.ഡിയുടെ പ്രകാശനം പ്രൊഫ. അബ്ദുള്‍ഹമീദ് മണ്ണാര്‍മല ഹംസ ഹാജിക്ക് നല്‍കിയും നിസ്‌കാര സി.ഡി പ്രകാശനം മമ്മുട്ടി, ലത്തീഫ് ഹാജിക്ക് നല്‍കിയും നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ഹജ്ജ് പഠനക്യാമ്പിന് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വംനല്‍കി.

ഹജ്ജ് യാത്രയ്ക്ക് പോകുന്നവര്‍ക്കുവേണ്ടി ഹജ്ജ് ക്യാമ്പ് പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ 'യാത്രാസഹായി' എന്ന കൈപ്പുസ്തകവും ഹജ്ജ് കിറ്റും ക്യാമ്പിലെത്തിയവര്‍ക്ക് വിതരണംചെയ്തു.

ക്യാമ്പിന്റെ സമാപനദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്ലാസ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപന ദുആ സമ്മേളനത്തിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.