മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരം -സമസ്ത

കോഴിക്കോട് : കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരവും മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തിന്റെ മഹത്വം നിരാകരിക്കുന്നതുമാണെന്ന് സമസ്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌ലാം നിര്‍ബന്ധിച്ച് പ്രചരിപ്പിക്കാവുന്നതല്ല, പ്രചരിപ്പിച്ചിട്ടുമില്ല. ഏതെങ്കിലും വ്യക്തികളുടെ പക്കല്‍നിന്ന് കണ്ടെത്തുന്ന ലഘുലേഖകളോ രേഖകളോ ആധാരമാക്കി ഒരു സമുദായത്തെ മുറിവേല്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവരില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്.

മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലും അപക്വവുമാണെന്നും ഇത് തിരുത്തണമെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പറഞ്ഞു.

സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ എന്നിവരും മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.