ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും; ദുരിതബാധിതര്‍ക്ക് സമസ്തയുടെ സഹായം

ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.

പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari