പ്രളയക്കെടുതി; ഒരുവീട് നിര്‍മ്മിച്ചു നല്‍കും. സൗഹൃദം പുതുക്കി ഹാജിമാരുടെ സംഗമം

കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പരിശുദ്ധ ഹജ്ജ് വേളയില്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം 25 ലക്ഷത്തില്‍പരം രൂപ ഹാജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പ്രളയക്കെടുതിക്കിരയായവരില്‍ ഏറ്റവും അര്‍ഹരായ ഒരു വ്യക്തിക്ക് നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഹാജിമാരുടെ സംഗമം തീരുമാനിച്ചത്. ഇതിനാവശ്യമായ ഫണ്ട് ഹാജിമാര്‍ തന്നെ നല്‍കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ചെയര്‍മാനും ഡോ.കെ.എം ബഷീര്‍ കണ്‍വീനറും ചാലിയം മുഹമ്മദ് ഹാജി ട്രഷറുമായ സമിതി രൂപീകരിച്ചു.

ഒന്നരമാസം പരിശുദ്ധ മക്കയിലും മദീനയിലും ഒന്നിച്ചു താമസിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാര്‍ക്ക് സൗഹൃദം പുതുക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ലക്ഷ്യമാക്കി നടത്തിയ സംഗമത്തില്‍ നൂറ് കണക്കിന് ഹാജിമാര്‍ പങ്കെടുത്തു. ഈസൗഹൃദം എന്നെന്നും നിലനിര്‍ത്താനും ആറ് മാസം കഴിഞ്ഞ് കുടുംബസംഗമം നടത്താനും വരും വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍മജീദ് ദാരിമി ചളിക്കോട് പ്രാര്‍ത്ഥനക്കുനേതൃത്വം നല്‍കി. ഹജ്ജ് കോ-ഓഡിനേറ്റര്‍ അസയിന്‍, വളണ്ടിയര്‍മാരായ ടി.നസീര്‍, കെ.അബ്ദു പ്രസംഗിച്ചു. ഡോ.എം.പി ബഷീര്‍ സ്വാഗതവും പി.മാമുക്കോയ ഹാജി നന്ദിയും പറഞ്ഞു.


Samasthalayam Chelari