വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി SKSSF ന് ദേശീയ സമിതി

നൂറുൽ ഹുദാ നൂർ ചെയർമാൻ, ഡോ. കെ. ടി ജാബിർ ഹുദവി കൺവീനർ

കോഴിക്കോട്: ദേശീയ തലത്തിൽ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നൽകുന്നതിനുമായി എസ് കെ എസ് എസ് എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് പുതിയ വിംഗിനും പ്രവർത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.

സംഘടനയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സമിതി രൂപീകരിച്ചത്. ഈ വർഷാവസാനം വിവിധ സംസ്ഥാനങ്ങളിൽ മെമ്പർഷിപ്പ് നടത്തി സ്ഥിരം ദേശീയ, സംസ്ഥാന സമിതികൾ നിലവിൽ വരും.

ദേശീയ സമിതി ചെയർമാനായി നൂറുൽ ഹുദാ നൂർ (പശ്ചിമ ബംഗാൾ) കൺവീനറായി ഡോ. കെ. ടി ജാബിർ ഹുദവി (കേരളം) ട്രഷററായി റഈസ് അഹ് മദ് (മണിപ്പൂർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഡോ. കെ. ടി മുഹമ്മദ് ബഷീർ പനങ്ങാങ്ങര (കേരളം), സയ്യിദ് മുഈനുദ്ദീൻ (അസം), ഹസീബ് അഹ് മദ് അൻസാരി (മഹാരാഷ്ട്ര), ഡോ. സുബൈർ ഹുദവി (ബീഹാർ) - വൈസ് ചെയർമാൻമാർ, പി. കെ അസ് ലം ഫൈസി ബംഗ്ലുരു (കർണാടക) - വർക്കിംഗ് കൺവീനർ, മുഹമ്മദ് ഷാഫി മഷ് രിഖി (തെലുങ്കാന), ഡോ. എൻ. എ ബിഷ്റുൽ ഹാഫി (കേരളം), നൗഷാദ് ഹുദവി (ഡൽഹി) -കൺവീനർമാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ (കേരളം), ശൈഖ് ഉമർ അഹ് മദ് (ആന്ധ്ര പ്രദേശ്), മുഹമ്മദ് അനീസ് അബ്ബാസി(രാജസ്ഥാൻ), അഡ്വ. സി. കെ ഫൈസൽ, ഹബീബ് ഫൈസി കോട്ടോപ്പാടം, റശീദ് ഫൈസി വെള്ളായിക്കോട് (കേരളം), മുഹമ്മദ് നൗസിഫ് (അസം), മൻസൂർ ഹുദവി (പശ്ചിമ ബംഗാൾ), അനീസ് കൗസരി (കർണാടക), ജലാൽ ഫൈസി (ഡൽഹി), സുഹൈൽ വാഫി (അലീഗഡ്) നാഫിഹ് ഹുദവി (പശ്ചിമ ബംഗാൾ) എന്നിവർ അംഗങ്ങളുമാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.
- SKSSF STATE COMMITTEE