മന്ത്രി ജലീലിന്റെ പരാമർശം മതവിശ്വാസിക്ക് ചേർന്നതല്ല: SKSSF

കോഴിക്കോട്: മുസ്ലിംകൾ മാത്രമേ സ്വർഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്ലാമിക വിശ്വാസം അപരിഷ്കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ. ടി ജലീലിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേർന്നതല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാം നിരാകരിക്കുന്ന സർവ്വ മത സത്യവാദത്തിലേക്ക് നയിക്കുന്ന ഇത്തരം പരാമർശങ്ങൾ മതഭ്രഷ്ട് വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ്. രാഷ്ട്രീയമായ പ്രതിരോധങ്ങൾക്കും പകതീർക്കലുകൾക്കും വേണ്ടി മതത്തേയും മതത്തിന്റെ മൗലിക വിശ്വാസങ്ങളേയും പരിഹസിക്കുന്ന ഈ നടപടി അത്യന്തം അപലപനീയമാണ്.

ഏതൊരു വ്യക്തിക്കും അവരുടെ പ്രത്യയശാസ്ത്രമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം മുസ് ലിംകൾക്കുമുണ്ടായിരിക്കെ മറ്റുള്ളവരുടെ കയ്യടി നേടാനും രാഷ്ട്രീയ പകപോക്കലിനും മതത്തെ അവഹേളിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മന്ത്രിക്ക് ചേർന്നതല്ല - അവർ കൂട്ടിച്ചേർത്തു. പാർലമെൻറിലെ മുത്വലാഖ് ബിൽ ചർച്ചയിൽ കേന്ദ്ര സർക്കാറിന്റെ മുസ് ലിം വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കുകയും എതിർത്ത് വോട്ടു രേഖപ്പെടുത്തുകയും ചെയ്ത വിവിധ ജനപ്രതിനിധികളെ അവർ അഭിനന്ദിച്ചു.
- SKSSF STATE COMMITTEE