സമസ്ത ഇസ്‌ലാമിക് സെന്റർ ലോഗോ പ്രകാശിതമായി

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദിയിലെ ഔദ്യോഗിക സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ ലോഗോ പ്രകാശിതമായി. കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം വിവിധ തലത്തിൽ നിന്നും ലഭിച്ച നിരവധി ലോഗോയിൽ നിന്നും നാഷണൽ കമ്മിറ്റിക്ക് കീഴിലെ പ്രത്യേക ജൂറി അംഗങ്ങളായ സിയാദ് ഹുദവി മുണ്ടേരി സുഹൈൽ ഹുദവി വളവന്നൂർ എന്നിവർ തിരഞ്ഞെടുത്ത ലോഗോ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സിക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ല്യാർ, എസ് ഐ സി സഊദി നിരീക്ഷകൻ മോയിൻകുട്ടി മാസ്റ്റർ എന്നിവരാണ് അംഗീകാരം നൽകിയത്.

സമസ്ത തൊണ്ണൂറാം വാർഷികം ആലപ്പുഴ സമ്മേളനത്തിന്റെ സമ്മേളന വേദിയുടെ 3D മാക്സ് ഡിസൈനിങ് അടക്കം സമസ്തയുടെ നിരവധി സമ്മേളന ലോഗോക്ക് രൂപം നൽകിയ മൻസൂർ എടത്തിൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. എസ് കെ എസ് എസ് എഫ് ഓൺലൈൻ ഖാഫില പ്രവർത്തകൻ കൂടിയാണ് മൻസൂർ. എസ്‌. കെ. എസ്‌. എസ്‌. എഫ്‌ ഓൺലൈൻ ഖാഫിലയുടെ അഡിമിനും എസ്‌. ഐ. സി ജിദ്ദ സെന്റ്രൽ കമ്മിറ്റിയുടെ ഉന്നതാധികാരി സമിതി അംഗവുമായ ഉസ്മാൻ എടത്തിലിന്റെ മകനാണ മൻസൂർ.

പശ്ചാത്തലത്തിലെ നേർ രേഖാ ജാലകങ്ങളും നക്ഷത്രങ്ങളും അറബ് ഇസ്‌ലാമിക പാരമ്പര്യ ചിഹ്നങ്ങളിൽ ആധുനിക ഗ്രാഫിക്സ് സങ്കലനം നടത്തി ഇസ്‌ലാമിക ലോകത്തിന്റെ പാരമ്പര്യത്തെയും ട്രെൻഡുകളെയും ഒരേപോലെ ഉൾക്കൊള്ളിച്ചാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്. മിഹ്‌റാബ് ആകൃതിയിൽ മുകൾ ഭാഗത്തെ മൂന്നു വർണ്ണങ്ങളിൽ നൽകിയ ത്രിമാന ചിത്രം സമസ്ത പതാക സൂചകവും ഉൾക്കൊന്നുണ്ട്.

നേരത്തെ സഊദിയിലെ വിവിധ സമസ്ത സംഘടനകളെ ലയിപ്പിച്ചു രണ്ടാഴ്ച മുൻപാണ് സമസ്ത ഇസ്‌ലാമിക് സെന്റർ പ്രഖ്യാപനം നടത്തിയത്. ഒറ്റ സംഘടനയായി പ്രഖ്യാപിച്ച എസ് ഐ സി യുടെ വിവിധ പ്രവിശ്യ, സെൻട്രൽ കമ്മിറ്റികൾ രൂപീകൃതമായിക്കഴിഞ്ഞിട്ടുണ്ട്.

- Alavikutty Olavattoor - Al-Ghazali