ആത്മ സംസ്കരണത്തിലൂടെ വ്യക്തി ജീവിതം വികസിപ്പിക്കുക: അബ്ബാസലി ശിഹാബ് തങ്ങൾ

ഹാദിയ റമദാൻ പ്രഭാഷണം രണ്ടാം ദിനം
ഹിദായ നഗര്‍: വിശ്വാസികൾ റമദാനിൽ ആത്മ സംസ്‌കരണത്തിലൂടെ വ്യക്തിത്വ വികാസമുണ്ടാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം അധാർമിക വഴിയിൽ സഞ്ചരിക്കുമ്പോൾ ധാർമികതയെ പുൽകാനും വ്യക്തി വിശുദ്ധി കൈവരിക്കാനും വിശ്വാസി തയ്യാറാവണമെന്നും തങ്ങൾ പറഞ്ഞു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറർ കെ.എം സൈതലവി ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മമ്പുറം ഖത്തിബ് വി.പി അബ്ദുല്ല ക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ലഹരിയിൽ എരിയുന്ന ന്യൂ ജെൻ സ്വപ്നങ്ങൾ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ദാറുൽഹുദാ രജിസ്ട്രാർ എം.കെ ജാബിറലി ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപറമ്പ് നന്ദിയും പറഞ്ഞു.
ഇന്ന് വഖ്ഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടർന്ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

പ്രഭാഷണ വേദിയിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
നിപാ വൈറസ് ബാധയുടെ പേരിൽ ജനങ്ങൾ എറെ ഭീതിയിലകപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഹിദായ നഗരിയിൽ പ്രത്യേക പ്രാർത്ഥന നടത്തും. പ്രാർത്ഥനക്ക് കോഴക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.
- Darul Huda Islamic University