റമദാന്‍ ജീവിത വിശുദ്ധി ആര്‍ജ്ജിച്ചെടുക്കേണ്ട മാസം: ഹമീദലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു വാഴ്‌സിറ്റി കാമ്പസില്‍ തുടക്കമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ആത്മസംസ്‌കരണവും ജീവിതവിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കാന്‍ വിശ്വാസി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വിജ്ഞാന കൈമാറ്റങ്ങളും പ്രധാന അജണ്ടയാക്കി, സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മഹല്ല്-സംഘടനാ ഭാരവാഹികള്‍ വ്യാപൃതരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ ഡിഗ്രി വിഭാഗം മേധാവി സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാദിയ ജന. സെക്രട്ടറി ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ലഹരിയില്‍ എരിയുന്ന ന്യൂജെന്‍ സ്വപ്‌നങ്ങള്‍ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
പ്രഭാഷണ പരമ്പരയുടെ ഭാഗമായി നാളെ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Photo: അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University