നിയമവാഴ്ച: ബാഹ്യശക്തികള്‍ ഇടപെടരുത്: എസ്. വൈ. എസ്.

മലപ്പുറം: രാജ്യത്ത് വ്യക്തമായ ഭരണഘടന നിലനില്‍ക്കെ ഭരണനിര്‍വഹണങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്ന അവസ്ഥ ആപല്‍ക്കരമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. 

മതപ്രവര്‍ത്തനത്തെ ഫാഷിസ്റ്റ് ശക്തികള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ ഒരു മുസ്‌ലിം സംഘടനയുടെ ലഘുലേഖ വിതരണം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ സംഘ്പരിവാര്‍ ശക്തികളുടെ നടപടി അംഗീകരിക്കാനാവില്ല. 

ആശയപരമായ വിയോജിപ്പു നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം എതിര്‍ക്കാതെ തരമില്ല. വിതരണം നടത്തിയ ലഘുലേഖയില്‍ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ പോലും വികലമായി വിശദീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതാണെങ്കിലും നിയമവാഴ്ചയില്‍ സംഘ്പരിവാര്‍ ശക്തികളെ ഇടപെടാന്‍ അനുവദിച്ചുകൂടെന്നും നേതാക്കള്‍ പറഞ്ഞു. 
- Sunni Afkar Weekly