സ്വാതന്ത്ര്യ പോരാട്ടങ്ങളിലെ മൂല്യങ്ങള്‍ മുറുകെ പിടിക്കുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മതമൈത്രിയും സാഹോദര്യവും മൂല്യങ്ങളായി സ്വീകരിച്ച് പൂര്‍വികര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പൈതൃകം കൈമോശം വരാതെ സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ പിന്‍മുറക്കാരാണ് നമ്മള്‍ എന്ന അഭിമാന ബോധം ഓരോ ഇന്ത്യക്കാരനുമണ്ടാകണം. ഒന്നാം സ്വാതന്ത്യ സമരം മുതല്‍ മലബാറിലെ ചോരയിറ്റുന്ന നിരവധി പോരാട്ടങ്ങള്‍ വരെയുള്ള ചരിത്രം നാം നിരന്തരം ചര്‍ച്ച ചെയ്യണം. ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും കഠിനമായി പീഡിപ്പിച്ചിട്ടും രാജ്യത്തിന്റെ സ്വാന്ത്ര്യത്തിന് വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ച പിതാക്കളുടെ മക്കളാണെന്ന ഓര്‍മ്മ നമുക്കാത്മ വിശ്വാസം പകരണം. ആ പാരമ്പര്യം മറവിയിലേക്ക് വിട്ടുകൊടുക്കാതെ ഓര്‍മയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരണം. മാനവികതയുടെയും സൗഹാര്‍ദ്ദത്തിന്റെയും മൂല്യങ്ങളുമായി മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഓരോ പൗരന്‍മാരും തയ്യാറാകണം. ഭയത്തില്‍ നിന്നും ദാരിദ്യത്തില്‍ നിന്നും മോചനം നേടിയാലേ ഭരണഘടനയുടെ തൂണുകള്‍ക്ക് ബലമുണ്ടാകൂ. നമ്മുടെ പരമാധികാരവും ഭരണഘടനയുടെ നിലനില്‍പ്പും പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഒരേ മനസ്സോടെ നിലകൊണ്ട മഹത്തായ പാരമ്പര്യം നമുക്കിനിയും നിലനിര്‍ത്താം. 
- pro samastha