മമ്പുറം ആണ്ടുനേര്‍ച്ചക്ക്‌ അന്തിമരൂപമായി, സെപ്‌തംബര്‍ 22 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്‌ബുസ്സമാന്‍ സയ്യിദ്‌ അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചയുടെ പരിപാടികള്‍ക്ക്‌ അന്തിമരൂപമായി. സെപ്‌തംബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഉസ്‌താദുമാരുടെയും മമ്പുറം മഹല്ല്‌ കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. 22 ന്‌ വെള്ളിയാഴ്‌ച നടക്കുന്ന മഖാം കൂട്ട സിയാറത്തോടെ ഒരാഴ്‌ചക്കാലത്തെ ആണ്ടുനേര്‍ച്ചക്ക്‌ തുടക്കമാകും. കൂട്ടസിയാറത്തിന്‌ ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ സയ്യിദ്‌ അഹ്‌മദ്‌ ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തും. മഗ്‌രിബ്‌ നിസ്‌കാരാനന്തരം സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമുല്ലെലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. 23,24,25,26 തിയ്യതികളില്‍ രാത്രി മതപ്രഭാഷണങ്ങള്‍ നടക്കും. 27 ന്‌ നടക്കുന്ന ദിക്‌റ്‌- ദുആ മജ്‌ലിസിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 28ന്‌ വ്യാഴാഴ്ച രാവിലെ അന്നദാനം നടക്കും. ഉച്ചക്ക്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്‌ ഖത്‌മ്‌ ദുആയോട്‌ കൂടെ നേര്‍ച്ചക്ക്‌ സമാപനമാകും. 
- Darul Huda Islamic University