ജാമിഅഃ ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന ദ്വിവല്‍സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സിന് തുടക്കമായി. മദ്രസാ പ്രായം കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യവസ്ഥാപിത മതപഠനം സാധ്യമാകുന്ന ഈ ബഹുജന വിദ്യാഭ്യാസ പദ്ധതിക്ക് ഇതിനകം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിന് പുറമേ ലക്ഷദ്വീപ്, കര്‍ണ്ണാടക, തമിഴ്‌നാട് മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നൂറിലേറെ പഠന കേന്ദ്രങ്ങള്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. പതിനായിരത്തോളം പഠിതാക്കാളാണ് കോഴ്‌സിന് റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദര്‍ശന ചാനല്‍, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്‌റൂം എന്നീ സംവിധാനങ്ങളിലൂടെയും ക്ലാസ് സംപ്രേഷണം ചെയ്യും. 
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, വീരാന്‍ ഹാജി പൊട്ടച്ചിറ, പുത്തനഴി മൊയ്തീന്‍ ഫൈസി, എ.ടി മുഹമ്മദലി, ശാഫി ഹാജി ചെമ്മാട്, കെ.എം കുട്ടി എടക്കുളം, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അസീസ് പട്ടിക്കാട്, മൂസ ഹാജി കാടാമ്പുഴ, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ പ്രസംഗിച്ചു. 
അടിക്കുറിപ്പ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ദ്വിവല്‍സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
- Secretary Jamia Nooriya