തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി 376 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തില്‍ ഇവരുടെ സുഗമമായ യാത്രയ്ക്ക് പ്രത്യേകവിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കേന്ദ്ര വ്യോമയാന വകുപ്പ്മന്ത്രി വയലാര്‍ രവിക്ക് കത്തയച്ചു. 376 സീറ്റുകള്‍ ഇതിനകം അധികമായി അനുവദിച്ചതിന് പുറമെ ഇനിയൊരു 200 സീറ്റുകളുടെ കൂടി വര്‍ധന കേരളത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ ഉണ്ടായേയ്ക്കാനിടയുണ്ടെന്ന് കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം 29 മുതലാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കായി കരിപ്പൂരില്‍ നിന്നും ജിദ്ദയിലേയ്ക്കുള്ള പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചത്. ഈ മാസം 15-നാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഹജ്ജ് തീര്‍ഥാടകര്‍ക്കായി കരിപ്പൂരില്‍ നിന്ന് അവസാന വിമാനം യാത്ര തിരിക്കുന്നത്. അവസാന വിമാനത്തില്‍ 170 സീറ്റുകളുടെ ഒഴിവുണ്ട്. എന്നാല്‍ ഈ 170ന് പുറമെ മറ്റൊരു 406 സീറ്റുകള്‍ കൂടി സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ക്കായി വേണ്ടിവന്നേയ്ക്കും. നിലവില്‍ ഈ 406 പേര്‍ക്ക് ഹജ്ജിന് പോകാന്‍ മുംബൈ പോലെ മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവരും. കടുത്ത അസൗകര്യം സൃഷ്ടിക്കുന്ന ഈ സാഹചര്യം ഒഴിവാക്കാന്‍ വ്യോമയാന വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.