സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗുമായുള്ള ബന്ധം അജഞ്ചലമായത്‌ : മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ

റിയാദ്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗും മലയാളക്കരയിലെ ഇസ്ലാമിക പ്രസ്‌താനത്തിന്റെ വളര്‍ചയില്‍ ഏറ്റവും ശ്രദ്ധേയമായ പങ്ക്‌ വഹിച്ച പ്രസ്‌താനങ്ങളാണെന്നും ഇവക്ക്‌ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ സമുദായം തിരിച്ചറിയണമെന്നും സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസ്‌താവിച്ചു. റിയാദ്‌ കോഴിക്കോട്‌ ജില്ലാ മുസ്ലിം ഫെഡറേഷന്‍ മെംബര്‍ഷിപ്പ്‌ വിതരണ ഉദ്‌ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാസ്റ്റര്‍ . 

മതവേദികള്‍ ഉപയോഗപ്പെടുത്തി ലീഗിനെ തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇപ്പോള്‍ ലീഗിന്റെ വക്താവായി രംഗത്ത്‌ വന്നത്‌ പരിഹാസ്യമാണ്‌. ശരീഅത്ത്‌ ഉള്‍പ്പെടെയുള്ള സമുദായത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചു നിന്നുവെന്നതിന്റെ പേരില്‍ സമസ്‌തയില്‍ കുഴപ്പമുണ്ടാക്കിയവര്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തിലിള്ള പൊതു പ്ലാറ്റ്‌ഫോമില്‍ ഇരിപ്പിടം കിട്ടാന്‍ കാട്ടുന്ന വ്യഗ്രതയുടെ ദയനീയ ശബ്ദമാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിലൂടെ പുറത്ത്‌ വന്നിരിക്കുന്നതെന്ന്‌ മാസ്റ്റര്‍ സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. 
നാട്ടില്‍ നിന്നും ടെലഫോണിലൂടെ SKSSF  നേതാവ്‌ കെ. എന്‍. എസ്‌. മൗലവി അഭിസംബോധനം ചെയ്‌ത്‌ സംസാരിച്ചു. കോഴിക്കോട്‌ ജില്ലാ SKSSF കമ്മറ്റി നവംബറില്‍ അണ്ടോണയില്‍ വെച്ച്‌ നടത്തുന്ന ജില്ലാ കേമ്പിലേക്കുള്ള ഫണ്ട്‌ വടകര മുഹമ്മദ്‌ ഹാജിയില്‍ നിന്നും മുസ്‌തഫ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെമ്പര്‍ഷിപ്പ്‌ ഉദ്‌ഘാടനം ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡണ്ട്‌ മുസ്‌തഫ ബാഖവിക്ക്‌ നല്‌കിക്കൊണ്ട്‌ മാസ്റ്റര്‍ നിര്‍വഹിച്ചു.
യോഗത്തില്‍ അസീസ്‌ പുള്ളാവൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ആശംസകള്‍ നേര്‍ന്നു കൊണ്ട്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌, എന്‍ സി മുഹമ്മദ്‌ കണ്ണൂര്‍ , വടകര മുഹമ്മദ്‌ ഹാജി, മൊയ്‌തീന്‍ കോയ കല്ലമ്പാറ, ഖലീല്‍ റൂബി തിരുവനന്തപുരം, റസാഖ്‌ വളക്കൈ എന്നിവര്‍ സംസാരിച്ചു. കൂടാതെ ഹുസ്സയില്‍ കുട്ടി അംബലക്കണ്ടി, മുസ്‌തഫ നരിക്കുനി, സമീര്‍ ഓമശ്ശേരി, ഉമ്മര്‍ മീഞ്ചന്ത, അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്‌ എന്നിവര്‍ സംബന്ധിച്ചു. ഹനീഫ മൂര്‍ക്കനാട്‌ സ്വാഗതവും അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.