സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ - പുതിയ മുശാവറ അംഗങ്ങള്‍

എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായി എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി തൃശൂര്‍, ബംബ്രാണ ബി. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (ദക്ഷിണകന്നട) എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങായിരുന്ന എം. എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി. എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, എം. എം മുഹ്‌യിദ്ദീന്‍ മൗലവി എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തൃശൂര്‍ ജില്ലയിലെ വെന്മേനാട് പൈങ്കണ്ണിയൂര്‍ സ്വദേശിയും സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡണ്ടുമാണ്. പൈങ്കണ്ണിയൂര്‍ ജുമാമസ്ജിദില്‍ 20 വര്‍ഷമായി മുദര്‍രിസും 40 വര്‍ഷം ഖത്തീബുമായി സേവനം ചെയ്തു വരുന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജില്‍ നിന്ന് പ്രഥമ സനദ്ദാന സമ്മേളനത്തില്‍വെച്ച് ബിരുദം വാങ്ങിയ വ്യക്തിയും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമാണ്. ശംസുല്‍ഉലമാ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ടി. അബൂബക്കര്‍ മുസ്‌ലിയാര്‍ താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുന്‍പ്രസിഡണ്ടായിരുന്ന മര്‍ഹൂം എ. പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ സഹപാഠിയുമായിരുന്നു.

പി. എം അബ്ദുസ്സലാം ബാഖവി തൃശൂര്‍ വടക്കേക്കാട് സ്വദേശിയും സമസ്ത തൃശൂര്‍ ജില്ല സീനിയര്‍ വൈസ് പ്രസിഡണ്ടുമാണ്. വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്ന് എം. എഫ്. ബി ബിരുദവും അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. തലക്കടത്തൂര്‍, വളാഞ്ചേരി ടൗണ്‍ ജുമാമസ്ജിദ് എന്നിവടങ്ങളില്‍ മുദര്‍രിസായിരുന്നു. ഇപ്പോള്‍ ദുബൈ ഔഖാഫിന്റെ കീഴില്‍ ഖത്തീബായിസേവനം ചെയ്തുവരുന്നു. മികച്ച ഖത്തീബിനുള്ള ദുബൈ ഔഖാഫിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ബംബ്രാണ ബി. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ദക്ഷിണകന്നട ജില്ലയിലെ ബണ്ട്‌വാള്‍ കൊടുംഗായി സ്വദേശിയും സമസ്ത ദക്ഷിണകന്നട ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. കൂര്‍നട്ക് ശരീഅത്ത് കോളേജ്, കുംബ്ര കര്‍ണാടക ഇസ്‌ലാമിക് സെന്റര്‍ എന്നിടങ്ങളില്‍ പ്രിന്‍സിപ്പളായി സേവനം ചെയ്യുന്നു. കോട്ട അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എം. എ ഖാസിം മുസ്‌ലിയാര്‍, കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.

പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം. ടി അബ്ദുല്ല മുസ്‌ലിയാര്‍, കെ. ടി ഹംസ മുസ്‌ലിയാര്‍, യു. എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്‌ലിയാര്‍, ഒ. മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം. കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ. പി. സി തങ്ങള്‍ വല്ലപ്പുഴ, എം. പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, ത്വാഖാ അഹ്മദ് മൗലവി, വി. മൂസക്കോയ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, പി. കെ മൂസക്കുട്ടി ഹസ്രത്ത്, ടി. എസ് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. കെ. പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ. എസ് ഹസ്സന്‍ ഫൈസി, പി. കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, ഐ. ബി ഉസ്മാന്‍ ഫൈസി, ഇ. കെ മുഹമ്മദ് മുസ്‌ലിയാര്‍, എം. എം അബ്ദുല്ല ഫൈസി കുടക്, എം. പി മുസ്തഫല്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari