ഇസ്‌ലാമിക്‌ ബാങ്കിംഗ്‌; മതനിയമങ്ങള്‍ പാലിക്കണം : ഹമീദലി തങ്ങള്‍

കൊണ്ടോട്ടി : അറബ്‌ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ സമ്പ്രദായം ഇന്ത്യയില്‍ കൊണ്ടുവരുന്നത്‌ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇത്‌ തീര്‍ത്തും ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതാവണമെന്നും പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍. ഇസ്‌ലാമിക്‌ ബാങ്കിംഗും സമ്പദ്‌ വ്യവസ്ഥയും എന്ന തലക്കെട്ടില്‍ ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) കൊണ്ടോട്ടിയില്‍ നടത്തിയ സെമിനാറിന്റെ ഉദ്‌ഘാനട കര്‍മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അന്യന്റെ സമ്പാദ്യം അനര്‍ഹമായി അപഹരിക്കുന്ന ഓഹരി വിപണിയിലെ ഇടപാടുകള്‍ അനിസ്‌ലാമികമാണെന്നും പുതുതായി നിലവില്‍ വന്ന ശരീഅ ഇന്‍ഡക്‌സ്‌ മതവിരുദ്ധമാണെന്നും ഷെയര്‍ ആന്‍ഡ്‌ നെറ്റ്‌ മാര്‍ക്കറ്റ്‌ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച കെ.പി ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍ അഭിപ്രായപ്പെട്ടു. ലോകം പലപ്പോഴും നേരിട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക്‌ കാരണം ഓഹരി വിപണിയിലെ ഇത്തരം ഊഹക്കച്ചവടങ്ങളാണെന്നും അതിന്‌ തക്കതായ പരിഹാരം ഇസ്‌ലാമിക സാമ്പത്തിക രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെമിനാറില്‍ എസ്‌.കെ.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷയം അവതരിപ്പിച്ചു. സി.കെ അബ്‌ദുറഹ്‌മാന്‍ ഫൈസി അരിപ്ര, കെ.പി ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.