വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കലൂരിലുള്ള വിശാലവും സുന്ദരവുമായ അഞ്ച് നില കെട്ടിടത്തിലാണ്. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും വഖഫ് ബോര്‍ഡിന് ഡിവിഷണല്‍ ഓഫീസുകളുണ്ട്. മഞ്ചേരിയില്‍ ഔപചാരികമായ ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും ഡിവിഷണല്‍ ഓഫീസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 14ന് വിഷു ദിനത്തില്‍, കോഴിക്കോട് നഗരത്തിന്റെ പ്രധാനഭാഗത്ത് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വ്യവസായ-വഖഫ് മന്ത്രി നിര്‍വ്വഹിക്കുകയാണ്. തദ്ദേശ-സ്വയംഭരണ മന്ത്രി എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും.
ഇസ്‌ലാമിക നീതിശാസ്ത്രത്തിന്റെ വളരെ പ്രധാനമായ ഒരു ഭാഗമാണ് വഖഫ്. പൊതുനന്മക്കായി സ്ഥാപിക്കപ്പെടുന്ന ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും ഒക്കെ ആദിരൂപം അന്വേഷിച്ചു പോകുന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥി സ്വാഭാവികമായും ചെന്നെത്തുക ഇസ്‌ലാമിന്റെ സംഭാവനയായ വഖഫ് എന്ന ആശയത്തിലായിരിക്കും. ഖൈബറിലെ സമ്മാല്‍ എന്ന ഒരു വസ്തു ദൈവത്തിന്റെ മാര്‍ഗത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഖലീഫ ഉമര്‍ (റ.അ) പ്രവാചകനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി
