മദ്‌റസാ ശാക്തീകരണം; റെയ്ഞ്ച് പാഠശാലകള്‍ക്ക് 151 മുദര്‍രിബുമാരെ സജ്ജരാക്കി

ചേളാരി: മദ്‌റസാ പഠനം കാലികമായ മാറ്റങ്ങള്‍ക്കും ഗുണാത്മകമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ തദ്‌രീബ് പദ്ധതിയുടെ മൂന്നാം ഘട്ടം റെയ്ഞ്ച് പാഠശാലകളിലൂടെ അധ്യാപക വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി 151 മുദര്‍രിബുമാരെ പ്രത്യേക കോച്ചിങ് ക്ലാസ് നല്‍കി സജ്ജരാക്കി.

ചേളാരി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ ചെയര്‍മാന്‍ കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.സി.സി. മാനേജര്‍ എം.എ. അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.ഹസൈനാര്‍ ഫൈസി, അബ്ദുല്ല ഫൈസി സംസാരിച്ചു. കണ്‍വീനര്‍ കെ.ടി.ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ലീഡര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപുരം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen