മതവും മതേതരത്വവും തിരിച്ചറിയണം: റശീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: വിശ്വാസികള്‍ മതവും മതേരത്വും തിരിച്ചറിഞ്ഞു വേണം ഇടപെടലുകള്‍ നടത്തേണ്ടതെന്ന് കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര രാജ്യത്ത് മതമൂല്യങ്ങള്‍ മുറുകെപിടിച്ചു എങ്ങനെ ജീവിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മമ്പുറം തങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദശമാണ് കേരളീയ മുസ്‌ലിംകളുടെ ഔന്നത്യത്തിനു ഹേതുകമായത്. മതമൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിനു മമ്പുറം തങ്ങളെയാണ് നാം പാഠമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.കെ ജാബിറലി ഹുദവി സ്വാഗതം പറഞ്ഞു.

ഇന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

നേര്‍ച്ച പണവും മറ്റു സംഭാവാനകളും ഓണ്‍ലൈന്‍ വഴി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. നേര്‍ച്ച വസ്തുക്കള്‍ ദാറുല്‍ഹുദാ ഓഫീസില്‍ ഏല്‍പിക്കാനുള്ള സൗകര്യവും സ്ജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha