മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്; ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്‌റസക്ക് ഒന്നാം സ്ഥാനം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡിന് ഈവര്‍ഷം ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസ (മലപ്പുറം ഈസ്റ്റ്) ഒന്നാം സ്ഥാനത്തിനും, ഉദുമ പടിഞ്ഞാറ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ (കാസര്‍ഗോഡ്) രണ്ടാം സ്ഥാനത്തിനും, മൂന്നിയൂര്‍ പാറക്കടവ് ഇര്‍ഷാദുസ്വിബ്‌യാന്‍ മദ്‌റസ (മലപ്പുറം വെസ്റ്റ്) മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി. ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്‌റസക്ക് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനവും, ഉദുമ പടിഞ്ഞാറ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യക്ക് മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസക്കായിരുന്നു ഒന്നാം സ്ഥാനം.

മികച്ച പഠന നിലവാരം, ഭൗതിക സൗകര്യങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ്, സാമൂഹിക സേനവങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് അര്‍ഹരെ തെരഞ്ഞെടുത്തത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 9891 മദ്‌റസകളില്‍ നിന്നാണ് ഏറ്റവും മികച്ച മൂന്ന് മദ്‌റസകളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും, ഫലകവും മാര്‍ച്ച് ആദ്യവാരത്തില്‍ പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യും.
- Samasthalayam Chelari