ഏകസിവില്‍കോഡിനുള്ള ഗൂഢശ്രമം പ്രതിരോധിക്കണം: സമസ്ത

സമസ്ത സമ്മേളനം പൊതു സമ്മേളനത്തോടെ ഞായറാഴ്ച സമാപിക്കും 
വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗര്‍: വിവിധ മതവിഭാഗങ്ങളും ആശയങ്ങളും പാരസ്പര്യത്തോടെ ജീവക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനായത്തരാജ്യമായ ഇന്ത്യയുടെ ഭരണഘടന രാജ്യത്ത് മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ടെന്നും ഈ വൈവിധ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയെന്ന രാഷ്ട്രം ശക്തമാകുന്നതെന്നും സമസ്ത സമ്മേളനപ്രമേയം വിലയിരുത്തി.
വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. രാജ്യരക്ഷയും ക്ഷേമവും കൊതിക്കുന്ന മുഴുവനാളുകളും ഈ ശ്രമത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയോടൊപ്പം നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏകശിലാത്മകമായൊരു സന്ദേശം ഇന്ത്യ ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാന മുദ്രാവാക്യമാണ്. വൈദേശിക ശക്തികള്‍ക്കെതിരേയുള്ള വിമോചന പോരാട്ടരംഗത്ത് രാജ്യം ഒന്നിച്ചുനിന്നിട്ടുണ്ട്. സ്വതന്ത്രരാജ്യമെന്ന വികാരം രാഷ്ട്രത്തിന്റെ നെഞ്ചില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണ്ഠാജനകമായ വാര്‍ത്തകളാണു ഭരണകൂടങ്ങളില്‍ നിന്നു വരുന്നത്. രാജ്യത്ത് അസഹിഷ്ണുത പടരുന്നു. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍ പോലും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
മത രാഷ്ട്രീയ നേതൃനിര നിറഞ്ഞവേദിയില്‍ നടന്ന ക്യാംപ് ഉദ്ഘാടനത്തോടെയാണ് ഇന്നലെ പരിപാടികള്‍ക്കു തുടക്കമായത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. രാത്രി നടന്ന 'നമ്മുടെ രാജ്യം' സെഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
അറിവിന്റെ അഗാധതലങ്ങളിലേക്കും വേറിട്ട വിചാരങ്ങളിലേക്കും വാതായനങ്ങള്‍ തുറക്കുന്ന ക്യാംപില്‍ സമസ്തയുടെ തൊണ്ണൂറു വര്‍ഷത്തെ ചരിത്രവും നാളെയുടെ വര്‍ത്തമാനങ്ങളുമാണു ചര്‍ച്ചയായത്. നഗരിയിലേക്ക് അണമുറിയാതെ പരന്നൊഴുകുന്ന പതിനായിരങ്ങള്‍ക്ക് ആത്മീയതയുടെയും ആലോചനയുടെയും നിറമുഹൂര്‍ത്തങ്ങളാണു ക്യാംപ് സമ്മാനിക്കുന്നത്. പാരമ്പര്യഗരിമയും പൈതൃകമഹിമയും ആത്മാവിലാവാഹിച്ച സമസ്തയുടെ സുവര്‍ണത്താളുകളിലെ പുതുചരിതത്തിനു സാക്ഷ്യംവഹിക്കുകയാണ് ഓരോ പ്രതിനിധിയും. ഇന്ന്, നമ്മുടെ ആദര്‍ശം, നമ്മുടെ വഴി, നമ്മുടെ സംഘടന എന്നീ സെഷനുകള്‍ നടക്കും. നാളെ സമസ്തയുടെ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ പുതിയ ചരിത്രമെഴുതാന്‍ ആലപ്പുഴ കടപ്പുറത്തു സംഗമിക്കും.
നമ്മുടെ രാജ്യം സെഷന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, അഡ്വ.എന്‍ ശംസുദ്ദീന്‍ വിഷയമവതരിപ്പിച്ചു. ഡോ.തോമസ് ഐസക് എം.എല്‍.എ, ജി. സുധാകരന്‍ എം.എല്‍.എ, വിജയവാഡ വിജയകുമാര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക