കോഴിക്കോട്: പ്രസിദ്ധീകരണാനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘തേജസ്’ ദിനപത്രത്തിന് സര്‍ക്കാര്‍ നോട്ടീസ്. ദേശീയ ഐക്യത്തെയും താല്‍പര്യത്തെയും അത്യന്തം ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വാര്‍ത്തകളും എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുന്നുവെന്നും ഇതുസംബന്ധിച്ച് 1867ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. കോഴിക്കോട്, തിരുവനന്തപുരം അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റുമാരാണ് (എ.ഡി.എം) ഇതുസംബന്ധിച്ച് പത്രത്തിന്‍െറ പ്രിന്‍ററും പബ്ളിഷറുമായ പ്രഫ. പി. കോയക്ക് നോട്ടീസ് നല്‍കിയത്. ആര്‍.എന്‍.ഐ (രജിസ്ട്രാര്‍ ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്ത്യ) ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
അതേസമയം, തേജസ് ദിനപത്രത്തിന്‍െറ പ്രസിദ്ധീകരണം തടയുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ജനാധിപത്യ കേരളവും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് പത്രത്തിന്‍െറ മാനേജിങ് എഡിറ്ററും പബ്ളിഷറുമായ പ്രഫ. പി. കോയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്ശ്വവത്കൃത സമൂഹങ്ങളുടെ പക്ഷത്താണ് പത്രം എന്നും നിലനില്ക്കുന്നത്. ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുടെ തെളിവ് ഹാജരാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഗുരുതര ആരോപണങ്ങള്‍ ഉത്തരവാദിത്തബോധമോ വസ്തുതകളുടെ പിന്‍ബലമോ ഇല്ലാതെയാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.