ഹജ്ജ്‌ വിമാന ഷെഡ്യൂളില്‍ മാറ്റം; ലഗേജില്‍ കര്‍ശന നിയന്ത്രണം

കുത്തിവയ്‌പ്‌ 10നും 15നുമിടയില്‍ 
കരിപ്പൂര്‍:::; സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേനയുള്ള ഹജ്ജ്‌ വിമാന ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ നേരിയ മാറ്റംവരുത്തി. ഒക്ടോബര്‍ ആറു മുതല്‍ 15 വരെ 10 ദിവസങ്ങളിലായി 20 വിമാനങ്ങളാണു ഹജ്ജ്‌ കമ്മിറ്റിക്ക്‌ വേണ്‌ടി കരിപ്പൂരില്‍ നിന്ന്‌ എയര്‍ ഇന്ത്യ പുതുതായി ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. 

ഇതോടെ 10 ദിവസം കൊണ്‌ട്‌ മുഴുവന്‍ ഹാജിമാരും മക്കയിലെത്തും. ദിനേന രണ്‌ടു വിമാനങ്ങള്‍ സര്‍വീസ്‌ നടത്തും. നേരത്തെ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം ആറ്‌ മുതല്‍ 17 വരെ തിയ്യതികളില്‍ 12 വിമാനങ്ങളാണുണ്‌ടായിരുന്നത്‌. ദിനേന മൂന്നും നാലും വിമാനങ്ങളുള്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്കു കണക്കിലെടുത്ത്‌ 450 പേര്‍ക്കു സഞ്ചരിക്കാവുന്ന വലിയ രണ്‌ടു വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ ഹജ്ജിനായി ഉപയോഗപ്പെടുത്തുക. ഈ വിമാനങ്ങള്‍ ദിനേന രാവിലെ 6.30നും 10.30നും പുറപ്പെടും. ജിദ്ദയിലേക്കായിരിക്കും കരിപ്പൂരില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടുക. തീര്‍ത്ഥാടകരുടെ മാനിഫെസ്റ്റോ ഉള്‍പ്പെടുത്തിയുള്ള ഷെഡ്യൂള്‍ പിന്നീട്‌ പുറത്തിറക്കും. 

അതിനിടെ തീര്‍ത്ഥാടകര്‍ക്ക്‌  ലഗേജില്‍ തേങ്ങ, വെളിച്ചെണ്ണ, ഓയില്‍, അരിഷ്ടം, കൊപ്ര തുടങ്ങിയവ കൊണ്‌ടുപോവുന്നതിനു വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷം വരെ ഇവ ഹാന്റ്‌ ബാഗില്‍ കൊണ്‌ടുപോവുന്നതിനാണു വിലക്കുണ്‌ടായിരുന്നത്‌. ഹജ്ജ്‌ ക്യാംപ്‌ മുന്‍നിര്‍ത്തി തിരുവനന്തപുരം, മംഗലാപുരം റൂട്ടിലോടുന്ന എല്ലാ തീവണ്‌ടികള്‍ക്കും ഫറോക്ക്‌ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ്‌ അനുവദിക്കുന്നതിനും ധാരണയായി. തീര്‍ത്ഥാടകര്‍ യാത്രയുടെ 10 മണിക്കൂര്‍ മുമ്പാണു ഹജ്ജ്‌ ക്യാംപിലെത്തേണ്‌ടത്‌. 

ഹജ്ജ്‌ കമ്മിറ്റി മുഖേന ഹജ്ജിന്‌ പോവുന്നവര്‍ക്കുള്ള കുത്തിവയ്‌പ്‌ 10നും 15നുമിടയില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 
ഓരോ ജില്ലയിലെ സമയവും സ്ഥലവും തീര്‍ത്ഥാടകരെ നേരിട്ടറിയിക്കും. കോഴിക്കോട്‌ ജില്ലയിലെ സ്വകാര്യ ഹാജിമാരുടെ കുത്തിവയ്‌പ്‌ സപ്‌തംബര്‍ 11നു രാവിലെ ഒമ്പതു മുതല്‍ കോഴിക്കോട്‌ ഗവ. ബീച്ച്‌ ആശുപത്രിയില്‍ നടക്കും.