ഹജ്ജ്; നാം അറിയേണ്ടത്

ജ്ജ് മുസ്‌ലിമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ഹജ്ജിനു പോയ ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം ഹജ്ജിനു മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് അവസ്ഥയുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ഈ കര്‍മത്തിനായി വിശ്വാസി സ്വയം സമര്‍പ്പിതനാവുന്നുണ്ട്. മാനസികമായും ഭൗതികമായും അതിനുള്ള ഒരുക്കങ്ങള്‍ കാലങ്ങള്‍ക്കു മുമ്പേതന്നെ തുടങ്ങുന്നുണ്ട് ഓരോ വിശ്വാസിയും.

ഇഹ്‌റാമിനു ശേഷം ഹാജിയുടെ വേഷങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. നിസ്‌കരിക്കുന്നവന്റെ ബാഹ്യമായ ഭയഭക്തി (ഖുശൂഅ്) പോലെയാണിത്. ആന്തരിക തലത്തില്‍ താന്‍ കൈയടക്കാനിരിക്കുന്ന ഭക്തിയുടെ ഇടങ്ങളിലേക്കു വാതില്‍ തുറക്കപ്പെടുകയാണ് ഇവിടെ. നിസ്‌കാരത്തിനു മുമ്പ് അവയവങ്ങളെ ശുദ്ധീകരിക്കാന്‍ കല്‍പ്പിച്ച അല്ലാഹു, ഹജ്ജിനായി പുറപ്പെടുന്നവന്റെ വസ്ത്രം എങ്ങനെയായിരിക്കണമെന്നു പ്രത്യേകം നിശ്ചയിച്ചിരിക്കുന്നു. കാക്കി കുപ്പായം പട്ടാളക്കാരനു ചില ചിട്ടകളെ നിര്‍വചിക്കുന്നതുപോലെ ഇവിടെ ഇഹ്‌റാമിന്റെ വസ്ത്രം ഹാജിമാര്‍ക്കു പ്രത്യേക രീതികളെ വിവരിക്കുന്നുണ്ട്. കര്‍മങ്ങളനുഷ്ഠിച്ചതിനു ശേഷമേ ഇഹ്‌റാമില്‍നിന്ന് ‘തഹല്ലുലാ’വാനാകുന്നൊള്ളൂവെന്നത് ഉദ്ദൃത കാര്യങ്ങള്‍ക്കു ശക്തി പകരുന്നുണ്ട്.
ഹാജിമാര്‍ പൊതുസമൂഹത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്നു. അവന്റെ വസ്ത്രം, ആരാധനകള്‍, നിത്യജീവിതത്തിലെ നിയമങ്ങള്‍ തുടങ്ങിയവയെല്ലാം പലപ്പോഴും ഒരു വിശ്വാസിയുടെ സാധാരണ നീക്കങ്ങള്‍ക്ക് എതിരായിരിക്കും; വൈദ്യന്മാരുടെ പഥ്യം കണക്കെ. ആത്മികോല്‍ക്കര്‍ഷത്തെ വിളംബരം ചെയ്യുന്നുണ്ട് അവയില്‍ പലതും. പുറപ്പെടുമ്പോള്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറയുന്നുണ്ട് ഓരോ ഹാജിയും. പലരും തങ്ങളുടെ ജീവിതത്തില്‍ അന്യരുമായുള്ള ബാധ്യതകള്‍ പറഞ്ഞുതീര്‍ത്ത് പൊരുത്തപ്പെടിയിക്കാന്‍ അവസരം കണ്ടെത്തുന്നത് മക്കയിലേക്കു പുറപ്പെടുമ്പോഴാണ്. പാപിയായി പുണ്യഭൂമിയിലെത്താന്‍ ഓരോ വിശ്വാസിയും മടിക്കുന്നുവെന്നാണ് അതിനര്‍ത്ഥം. ഇഹ്‌റാമിന്റെ വസ്ത്രം കണക്കെ തന്റെ മനസ്സാന്തരവും നിഷ്‌കളങ്കമായിത്തീരണമെന്ന വിശ്വാസിയുടെ ആവശ്യമായ ആഗ്രഹമാണിത്.

കാലങ്ങള്‍ക്കു മുമ്പ് ഇബ്‌റാഹീം(അ) നടത്തിയ വിളിയാളത്തിനു മറുപടി നല്‍കല്‍ പില്‍ക്കാല മുസല്‍മാന് ഒരു നിര്‍ബന്ധകര്‍മമായി ത്തീരുകയായിരുന്നു. എല്ലാ ദിക്കുകളില്‍നിന്നും അവര്‍ നിന്റെ ശബ്ദത്തിനു പ്രതിവചനം നടത്തുമെന്ന് ഇബ്‌റാഹീം (അ)നെ അല്ലാഹു അറിയിച്ചു. അവസാനനാള്‍ വരെ പ്രസക്തമായ ആ വിളിയാളത്തെ അന്വര്‍ത്ഥമാക്കി തീര്‍ത്ഥാടകലക്ഷങ്ങള്‍ മക്കയിലേക്ക് ഒഴുകുകയാണ്. അതോടെ മനസ്സ് ആത്മീയമായി ഉയര്‍ന്നു പോവുന്നു.

ഹജ്ജിനു പോകാന്‍ തീരുമാനിച്ചതു മുതല്‍ അവന്റെ ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം അതിന്റെ സ്വാധീനം കാണാനാവും. പലപ്പോഴും ഈ അവസ്ഥ മരണംവരെ തുടരുന്നത് ഹജ്ജിലെ കര്‍മങ്ങള്‍ അവന്റെ മനസ്സില്‍ ആത്മീയതയുടെ തിരയിളക്കം നടത്തുന്നതിനാലാണ്.

കഅ്ബാലയം അല്ലാഹുവിന്റെ ഭവനമാണ്. ലോകത്തിന്റെ ഏതെങ്കിലും കോണിലായി വിശ്വാസികള്‍ അതിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഹജ്ജ് ധാര്‍മികതയുടെ പ്രഖ്യാപനമാണെന്നതിനപ്പുറം അധാര്‍മികതയ്‌ക്കെതിരിലുള്ള ജനമുന്നേറ്റം കൂടിയാണ്. തങ്ങളുടെ പൊതുശത്രുവിനെ എറിഞ്ഞകറ്റുവാനായി ജംറകളുടെ സമീപം അവര്‍ ഒരുമിച്ചുകൂടുന്നു. അറഫാ സംഗമം-അവിടത്തെ രാപാര്‍പ്പ്-ഹാജിക്ക് പകരുന്ന കുളിര് ആത്മീകജ്ഞാനത്തിന്റേതാണ്. ഓരോരുത്തരും സ്വത്വത്തെ തിരിച്ചറിയുന്നത് ഇവിടെയാണ്.

മീഖാത്ത് വിട്ടുകടക്കുന്നതു മുതല്‍ തഹല്ലുലാകുന്ന നിമിഷം വരെ ഹജ്ജ് ചെയ്യുന്നവന്‍ ഏകാഗ്രചിത്തനാണ്. സമഭാവനയുടെയും സമത്വത്തിന്റെയും വേളയാണ് എന്നതിനപ്പുറം സമചിത്തതയെ കൂടി ഹജ്ജ് പ്രദാനംചെയ്യുന്നു. വിവിധ ഭാഷക്കാരും ദേശക്കാരും സംഗമിക്കുന്നിടം. സ്രഷ്ടാവെന്ന പരമ ലക്ഷ്യമാണ് അവരെ മുന്നോട്ടു തള്ളുന്നത്. ഭൗതിക തലത്തില്‍ ഭൂമധ്യത്തില്‍ അവര്‍ കേന്ദ്രീകരിക്കപ്പെടുന്നതു പോലെ ആത്മീയമായും കേന്ദ്രീകരിക്കപ്പെടുന്നുവെന്നര്‍ത്ഥം. ഹജ്ജിനു പോകാനായി ഒരുക്കി കൂട്ടിയ നാണയ ത്തുട്ടുകള്‍ അയല്‍വാസിയുടെ പശിയടയ്ക്കുന്നതിനായി നല്‍കിയതിനാല്‍ മക്കത്തെത്താനാവാതിരുന്ന ഹജ്ജ് കര്‍മമാണ് പ്രസ്തുത വര്‍ഷം ആദ്യമായി സ്വീകരിക്കപ്പെട്ടതെന്ന ചരിത്രസത്യം ഈ രീതിയില്‍ ചിന്തിക്കുമ്പോഴാണ് വായനായോഗ്യമായി ത്തീരുന്നത്.
പിറന്നുവീണ കുഞ്ഞിനെപ്പോലെയാണ് ഹാജിമാര്‍ നാട്ടിലേക്കു മടങ്ങിയെത്തുന്നത്. നിഷ്‌കളങ്കതയുടെ ഈ പിറവി തിരിച്ചറിവിന്റേതു കൂടിയാണ്. ഇലാഹീ ചിന്തയാണ് അവന്റെ മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്. ഹജ്ജ് ഒരു നൂല്‍പാലം തീര്‍ക്കുകയാണവിടെ. പടച്ചവന്റെയും പടപ്പിന്റെയുമിടയില്‍ ഹജ്ജ് അത്രമാത്രം ഇടപെടുന്നുവെന്നര്‍ത്ഥം.
മക്കയും ഹറമും കഅ്ബയും മഖാമു ഇബ്‌റാഹീം മത്വാഫും, സഫയും മര്‍വയും ഹിജ്‌റ് ഇസ്മാഈലും ഹജറുല്‍ അസ്‌വദുമെല്ലാം ഹജ്ജിലൂടെ ആത്മീയോന്നതിയുടെ ചവിട്ടുപടികളാണ്. ഹജറുല്‍ അസ്‌വദ് മുത്തി തന്റെ പാപക്കറ ഒഴുക്കിക്കളയുന്ന വിശ്വാസി നേരെ പോകുന്നത് പൈശാചികതയുടെ മൂര്‍ത്തഭാവത്തെ കല്ലെറിയാനാണ്.
സ്വശരീരത്തിന്റെ പൈശാചിക ചിന്തകളെ എറിഞ്ഞുടയ്ക്കുകയാണ് ഹാജിമാര്‍ അതിലൂടെ. വിടവാങ്ങല്‍ ത്വവാഫു കഴിഞ്ഞ് അവന്‍ മടങ്ങുന്നതു ലക്ഷ്യപ്രാപ്തി കൈവരിച്ചവനായാണ്. അതുകൊണ്ടു തന്നെയാണ് ഹജ്ജ് കഴിഞ്ഞു മടങ്ങുന്നവനെ ആശ്ലേഷിക്കുന്നതും ദുആ ഇരപ്പിക്കുന്നതുമെല്ലാം പ്രത്യേകം പുണ്യമര്‍ഹിക്കുന്നത്.-സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍