ഷാര്‍ജ്ജ : സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത മത്സര പരീക്ഷകള്‍ക്ക് സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുതകുന്ന ബൃഹത്തായ വിദ്യാഭ്യാസ പദ്ധതിക്ക് ഷാര്‍ജ്ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്. രൂപം നല്‍കി. സ്റ്റെപ് (students talent empowering programme) എന്ന പേരില്‍ ആവിഷ്കരിച്ച ഈ പദ്ധതിയുടെ നിര്‍വ്വഹണ ചുമതമ എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴിലെ വിദ്യാഭ്യാസ വിങ്ങായ ട്രെന്‍റിനാണ്. ഈ സംരംഭം കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് നടപ്പില്‍ വരുത്തുന്നത്. ഹയര്‍സെക്കണ്ടറി തലത്തില്‍ തന്നെ പ്രവേശന പരീക്ഷ നടത്തി മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി കേരളത്തിലെ മികച്ച കരിയര്‍ ഗൈഡന്‍സ് ആര്‍പി മാര്‍ക്കു കീഴില്‍ വര്‍ക്ക്ഷോപ്പുകളും വെക്കേഷന്‍ ക്യാന്പുകളും നടത്തി അഞ്ച് വര്‍ഷം കൊണ്ട് സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം.
ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്ന ട്രെന്‍റിന് കീഴില്‍ ഇതിനകം രണ്ട് പേര്‍ ഐ.എ.എസ് നേടിയിട്ടുണ്ട്. കേരളത്തില്‍ മുസ്‍ലിം വിദ്യാഭ്യാസ മേഖല ആശാവഹമായ രീതിയില്‍ വളര്‍ന്നു വരുന്നുണ്ടെങ്കിലും മിടുക്കന്മാരായ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭ്യമല്ലാത്തതിനാല്‍ ലക്ഷ്യം നേടാതെ പാതി വഴിയില്‍ രംഗം വിടുന്ന പ്രവണതയാണിന്നുള്ളത്. അതിന് സമഗ്രവും കൂട്ടായതുമായ കര്‍മ്മ പദ്ധതി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് ഷാര്‍ജ്ജ എസ്.കെ.എസ്.എസ്.എഫ്. ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.
സ്റ്റെപ്പിന്‍റെ പദ്ധതി പ്രഖ്യാപനം നടത്തുന്നതിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ യു.എ.ഇ യില്‍ എത്തുന്നുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ കടവല്ലൂര്‍ ചെയര്‍മാനും അബ്ദുറസാഖ് വളാഞ്ചേരി കണ്‍വീനറും അഹ്‍മദ് സുലൈമാന്‍ ഹാജി ട്രഷററുമായ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
റഫീഖ് കിഴിക്കര സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഷാര്‍ജ്ജ കമ്മിറ്റി നിലവില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെ ഐ.ഐ.ടി. യില്‍ പ്രവേശനം ലഭിച്ച നൌഫല്‍ എം.സി. യുടെ പഠന ചെലവ് വഹിച്ചുവരുന്നു.
- ഗഫൂര്‍ റഹ്‍മാനി -